തിരുവനന്തപുരം: പിഎം ശ്രീ (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ പൂർണ്ണമായും തള്ളി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പിഎം ശ്രീ പദ്ധതിയുടെ പേരിൽ മുൻ എൽഡിഎഫ് സർക്കാർ കേന്ദ്രത്തിൽ നിന്നും ഒരു പൈസ പോലും കൈപ്പറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടേത് സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാദങ്ങളാണെന്നും ശിവൻകുട്ടി തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ അവകാശവാദങ്ങളെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ടാണ് മുൻ മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ ഇടതുപക്ഷ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് വി. ശിവൻകുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി. സമഗ്ര ശിക്ഷാ അഭിയാൻ (SSK) ഫണ്ട് വാങ്ങുന്നതിനുള്ള സാധാരണ നടപടികൾ മാത്രമാണ് കഴിഞ്ഞ സർക്കാർ ചെയ്തത്.
“പിഎം ശ്രീ ഫണ്ട് വാങ്ങിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞിട്ടുണ്ടെങ്കിൽ അത് തികച്ചും വസ്തുതാവിരുദ്ധമാണ്. പദ്ധതി നടപ്പാക്കുന്നതിനായി സ്കൂളുകളുടെ പട്ടിക സമർപ്പിക്കണമായിരുന്നു, എന്നാൽ എൽഡിഎഫ് സർക്കാർ അത് നൽകിയിട്ടില്ല. പദ്ധതിയിൽ നിന്ന് ഒരു പൈസ പോലും ഇടത് സർക്കാർ വാങ്ങിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.” വി. ശിവൻകുട്ടി പറഞ്ഞു.
രേഖകൾ കൈയ്യിലുണ്ട്; യുഡിഎഫിന്റേത് ഇരട്ടത്താപ്പെന്ന് ശിവൻകുട്ടി പറഞ്ഞു. പദ്ധതിയുടെ ഭാഗമാകില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് ആദ്യം കത്ത് നൽകിയിരുന്നു. പിന്നീട് മന്ത്രിസഭാ യോഗം ചേർന്നാണ് പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ പൂർണ്ണമായും മരവിപ്പിക്കാൻ കഴിഞ്ഞ സർക്കാർ തീരുമാനിച്ചതെന്നും ഇതിനുള്ള ഔദ്യോഗിക സർക്കാർ രേഖകൾ നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രത്തിന്റെ പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ പാടില്ലെന്ന് മുൻപ് ശക്തമായ നിലപാടെടുത്ത മുസ്ലിം ലീഗ്, ഇപ്പോൾ യുഡിഎഫ് ഭരണത്തിൽ വന്നപ്പോൾ മൗനം പാലിക്കുകയാണെന്ന് ശിവൻകുട്ടി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിന് മുൻപും ശേഷവും യുഡിഎഫിന് രണ്ട് നയമാണോ ഉള്ളതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കരിക്കുലത്തിൽ പൂർണ്ണ സ്വാതന്ത്ര്യം ഉറപ്പാക്കിക്കൊണ്ട്, യാതൊരുവിധ വർഗ്ഗീയ അജണ്ടകൾക്കും വഴങ്ങാതെ കേരളം പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മുൻ വിദ്യാഭ്യാസ മന്ത്രിയുടെ ഈ കടുത്ത പ്രതികരണം. മുൻ സർക്കാർ ഒപ്പിട്ട കരാറുകൾ കാരണം പദ്ധതിയുമായി മുന്നോട്ട് പോകാൻ കേരളം നിർബന്ധിതരായിരിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ വാദമാണ് ഇപ്പോൾ ശിവൻകുട്ടി ഖണ്ഡിച്ചിരിക്കുന്നത്.