തിരുവനന്തപുരം: ‘മോളിവുഡ് ടൈംസ്’ എന്ന സിനിമയ്‌ക്കെതിരെ സെൻസർ ബോർഡിന്റെ പരാതിയിൽ തിരുവല്ലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) മ്യൂട്ട് ചെയ്ത അശ്ലീല സംഭാഷണങ്ങളും ദൃശ്യങ്ങളും പിന്നീട് പ്രചരിപ്പിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. നസ്ലിൻ നായകനായ ചിത്രം അഭിനവ് സുന്ദറാണ് സംവിധാനം ചെയ്തിരുക്കുന്നത്.
സിനിമയുടെ സെൻസറിംഗ് നടപടിക്കിടെ ചില സംഭാഷണങ്ങളും ദൃശ്യങ്ങളും പൊതുപ്രദർശനത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയ സെൻസർ ബോർഡ്, അവ ഒഴിവാക്കാൻ നിർദേശം നൽകിയിരുന്നു. എന്നാൽ, ആ നിർദേശം സിനിമയുടെ അണിയക്കാർ ലംഘിക്കുകയായിരുന്നു.
സംവിധായകൻ, നിർമ്മാതാവ് എന്നിവരടക്കം അഞ്ച് പേരെയാണ് കേസിൽ പ്രതിചേർത്തിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ സിനിമയുടെ പ്രദർശനത്തിനായി സമർപ്പിച്ച പതിപ്പും പിന്നീട് പ്രചരിച്ച പതിപ്പും തമ്മിൽ വ്യത്യാസമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.