ഹോര്‍മൂസ് കടലിടുക്ക് തുറന്നു; 62,370 മെട്രിക് ടണ്‍ എല്‍എന്‍ജിയുമായി ‘ദിശ’ ഗുജറാത്ത് തീരത്ത്, കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഹോര്‍മൂസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിച്ചതോടെ ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം വീണ്ടും സജീവമാകുന്നു. 62,370 മെട്രിക് ടണ്‍ ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി) വഹിച്ചെത്തിയ ‘ദിശ’ എന്ന എല്‍എന്‍ജി കാരിയര്‍ കപ്പല്‍ ഗുജറാത്തിലെ ദഹേജ് എല്‍എന്‍ജി ടെര്‍മിനലില്‍ എത്തിച്ചേര്‍ന്നു. മൂന്ന് മാസത്തിലേറെയായി ഹോര്‍മൂസ് കടലിടുക്കില്‍ കുടുങ്ങിക്കിടന്നിരുന്ന കപ്പലാണ് ദിശ.

കടലിടുക്ക് തുറന്നതോടെ അടുത്ത ദിവസങ്ങളില്‍ 40-ഓളം ചരക്കുകപ്പലുകള്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 13 ഇന്ത്യന്‍ പതാകയുള്ള കപ്പലുകളും ഉള്‍പ്പെടുന്നുണ്ട്. വരാനിരിക്കുന്ന കപ്പലുകളില്‍ 19 എണ്ണത്തില്‍ രാസവളവും ഒന്‍പത് കപ്പലുകളില്‍ ക്രൂഡ് ഓയില്‍, എല്‍പിജി ഉള്‍പ്പെടെയുള്ള ഇന്ധനവുമാണ് കൊണ്ടുവരുന്നത്.

നിലവില്‍ ഏകദേശം 1,200 കപ്പലുകളാണ് ഹോര്‍മൂസ് കടലിടുക്ക് കടക്കാനായി കാത്തിരിക്കുന്നതെന്നാണ് വിവരം. യുദ്ധസാഹചര്യങ്ങള്‍ക്ക് മുമ്പ് പ്രതിദിനം 140-ഓളം കപ്പലുകള്‍ ഈ കടലിടുക്ക് വഴി സഞ്ചരിച്ചിരുന്നെങ്കിലും പഴയ നിലയിലേക്ക് ഗതാഗതം പൂര്‍ണമായും സാധാരണയാകാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

Share