ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി പരിമള്‍ നത്വാനി വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രണവ് ഝായെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഇൻഡി സഖ്യത്തിനുള്ളിൽ നിന്ന് നടന്ന വോട്ട് ചോർച്ച വിജയത്തിന് നിർണായകമായി.
81 അംഗങ്ങളുള്ള ഝാര്‍ഖണ്ഡ് നിയമസഭയില്‍ വിജയത്തിന് 28 ഒന്നാം മുന്‍ഗണനാ വോട്ടുകള്‍ ആവശ്യമായിരുന്നു. എന്‍ ഡി എ സഖ്യത്തിന് 24 എം എല്‍ എമാരുടെ പിന്തുണ മാത്രമുണ്ടായിരുന്നെങ്കിലും, അധിക വോട്ടുകള്‍ ലഭിച്ചതോടെ എന്‍ ഡി എ പിന്തുണയുള്ള സ്ഥാനാര്‍ഥി വിജയം ഉറപ്പിച്ചു.
ഇൻഡിസഖ്യത്തിന് നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നിട്ടും, ക്രോസ് വോട്ടിംഗ് സംഭവിച്ചതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 20 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. മൂന്ന് വോട്ടുകള്‍ അസാധുവായി. ഇതേത്തുടർന്ന് പരിമള്‍ നത്വാനിക്ക് 28 വോട്ടുകള്‍ നേടി രാജ്യസഭാ സീറ്റില്‍ വിജയം നേടാൻ സാധിച്ചു.
വ്യവസായിയും കോര്‍പറേറ്റ് എക്സിക്യൂട്ടീവുമായ പരിമള്‍ നത്വാനി ഇതോടെ നാലാം തവണയാണ് രാജ്യസഭയിലെത്തുന്നത്.















