തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം (Low Alcohol Beverages) വിൽപ്പന ആരംഭിക്കുന്നതിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു. വിഷയത്തിൽ നിലവിൽ നയപരമായ തീരുമാനങ്ങളൊന്നും സർക്കാർ കൈകൊണ്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ ചർച്ചകൾ നടക്കുകയാണെന്നും, വിശദമായ നയപരമായ തീരുമാനങ്ങൾ നിയമസഭ സമ്മേളനത്തിന് ശേഷമായിരിക്കും ഉണ്ടാകുകയെന്നും മന്ത്രി പറഞ്ഞു. എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിച്ചായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടനയും വിപണന സാധ്യതകളും മുൻ സർക്കാർ കാലത്ത് തന്നെ പരിഗണനയിൽ ഉണ്ടായിരുന്നുവെന്ന് മന്ത്രി സൂചിപ്പിച്ചു. എന്നാൽ ഇപ്പോഴത്തെ ഘട്ടത്തിൽ അതുമായി ബന്ധപ്പെട്ട പ്രത്യേക പ്രഖ്യാപനങ്ങളോ അന്തിമ തീരുമാനങ്ങളോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ മദ്യനയം ജനകീയവും സംസ്ഥാനത്തിന്റെ വരുമാന-സാമൂഹിക താല്പര്യങ്ങൾ സംരക്ഷിക്കുന്നതുമായിരിക്കുമെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
വിഷയത്തിൽ അന്തിമ തീരുമാനം വരും ദിവസങ്ങളിൽ നടക്കുന്ന നയചർച്ചകൾക്ക് ശേഷം മാത്രമേ ഉണ്ടാകൂവെന്നാണ് സൂചന.