തിരുവനന്തപുരം: ചെങ്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ അഭാവം മൂലം ചികിത്സ തേടി എത്തിയ നൂറുകണക്കിന് രോഗികൾ ദുരിതത്തിലായി. ഡോക്ടർമാർ കൂട്ട അവധിയിലായതും ഒഴിവുകൾ നികത്താത്തതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. സംഭവത്തിൽ ബിജെപി ചെങ്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ ശക്തമായ പ്രതിഷേധം തുടരുന്നു.
പ്രതിദിനം ഏകദേശം 200 ഓളം രോഗികൾ ചികിത്സയ്‌ക്കായി ആശ്രയിക്കുന്ന ആശുപത്രിയാണിത്. രോഗികളുടെ തിരക്ക് കൂടിയതോടെ പൂവാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ഒരു ഡോക്ടറെ താത്കാലികമായി എത്തിച്ചാണ് ചികിത്സ മുന്നോട്ടുകൊണ്ടുപോകുന്നത്.
നിലവിൽ നാല് ഡോക്ടർമാരെ നിയമിച്ചിട്ടുണ്ടെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ഇതിൽ രണ്ട് പേർ പി.എസ്.സി നിയമനം, ഒരാൾ എൻ.എച്ച്.എം നിയമനം, മറ്റൊരാൾ പഞ്ചായത്ത് നിയമനം എന്നിങ്ങനെയാണ്. എന്നാൽ നിലവിൽ നാല് ഡോക്ടർമാരിൽ ആരും ആശുപത്രിയിൽ സേവനത്തിനില്ലെന്നാണ് ആരോപണം.
പി.എസ്.സി വഴി നിയമിച്ച രണ്ട് ഡോക്ടർമാർ സ്ഥലംമാറി പോയിട്ടും പകരം നിയമനം നടത്തിയിട്ടില്ല. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് ജനങ്ങൾ ആരോപിക്കുന്നത്.
ചെങ്കൽ പി.എച്ച്.സി-യെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ സർക്കാർ നാല് ഡോക്ടർമാരും ഏകദേശം 40 ജീവനക്കാരെയും നിയമിച്ചിരുന്നുവെങ്കിലും, അടിസ്ഥാന സേവനം പോലും ലഭ്യമല്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
കാർഷിക ഗ്രാമമായ ചെങ്കലിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി കുടുംബങ്ങൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ കഴിയാത്ത സാഹചര്യമാണ്. അതിനാൽ സർക്കാർ ആശുപത്രിയാണ് ഇവരുടെ ഏക ആശ്രയം. എന്നാൽ ചികിത്സ ലഭിക്കാതെ രോഗികളെ വലയ്‌ക്കുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി.
അതേസമയം, വീടുകളിലെ കിണറുകൾ ശുചീകരിക്കാൻ വിതരണം ചെയ്യേണ്ട ബ്ലീച്ചിംഗ് പൗഡർ ആശുപത്രിയിലെ ശുചിമുറിയിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയതായും ബിജെപി പ്രവർത്തകർ ആരോപിച്ചു.
പ്രതിഷേധം ശക്തമായതോടെ പാറശ്ശാല, മാരായമുട്ടം പൊലീസ് സ്ഥലത്തെത്തി ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പിന്നീട് ജാമ്യത്തിൽ ഇവരെ വിട്ടയച്ചു.
ഡോക്ടർമാരുടെ ഒഴിവുകൾ ഉടൻ നികത്തിയില്ലെങ്കിൽ കൂടുതൽ ശക്തമായ സമരത്തിലേക്ക് കടക്കുമെന്ന് ബിജെപി മുന്നറിയിപ്പ് നൽകി