അബു-ഉബൈദയെ വിവാഹം കഴിക്കാൻ ബബിത ഖദീജയായി; പാക് ഭീകര സംഘടനകളുമായി നിരന്തര ആശയവിനിമയം; ജയ്പൂർ സ്വദേശിനിയെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു

Published by
ജനം വെബ്‌ഡെസ്ക്

ജയ്പൂർ: പാക് ഭീകരസംഘടനയായ ജയ്ഷെ-ഇ-മുഹമ്മദുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ജയ്പൂർ സ്വദേശിനിയെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (ATS) അറസ്റ്റ് ചെയ്തു. 37-കാരിയായ ബബിത ധാക്കറാണ് അറസ്റ്റിലായത്.  നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (UAPA) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രാജ്യസുരക്ഷയെ ബാധിക്കാവുന്ന ഗൂഢാലോചനയിൽ യുവതിക്ക് പങ്കുണ്ടോയെന്ന് അന്വേഷണ ഏജൻസികൾ പരിശോധിക്കുകയാണ്

പാകിസ്ഥാനിലെ ഒരു ഇസ്ലാമത പുരോഹിതന്റെ സഹായത്തോടെ ബബിത  മതം മാറുകയും ‘ഖദീജ’ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. പാക് സ്വദേശിയായ അബു-ഉബൈദ എന്ന വ്യക്തിയെ  വിവാഹം കഴിക്കാൻ ശ്രമിച്ചതായും  ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗംഗാപൂർ സ്വദേശിയായ ഇവർ അറസ്റ്റിലാകുമ്പോൾ ജയ്പൂരിലായിരുന്നു താമസിച്ചിരുന്നത്. ഞായറാഴ്ചയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ജെയ്ഷെ സ്ഥാപകൻ മസൂദിന്റെ അടുത്ത അനുയായികളെ യുവതി ബന്ധപ്പെട്ടിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. അറസ്റ്റിന് തൊട്ടുമുമ്പ് മൊബൈൽ ഫോണിലെയും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളിലെയും വിവരങ്ങൾ യുവതി മായ്ച്ചുകളയാൻ ശ്രമിച്ചിരുന്നു. ഡിലീറ്റ് ചെയ്ത ഡാറ്റ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് എടിഎസ്. യുവതിയുടെ മൊബൈൽ ഫോണിലെ സന്ദേശങ്ങൾ അന്വേഷണത്തിൽ നിർണ്ണായകമാകും.

പ്രാഥമിക അന്വേഷണത്തിൽ ജയ്ഷെ-ഇ-മുഹമ്മദുമായി ബന്ധപ്പെട്ട വ്യക്തികളുമായും മറ്റ് രാജ്യവിരുദ്ധ ഘടകങ്ങളുമായും യുവതി സമ്പർക്കം പുലർത്തിയിരുന്നുവെന്നാണ് ഏജൻസിയുടെ കണ്ടെത്തൽ. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ചാറ്റുകൾ, വിദേശ ബന്ധങ്ങൾ എന്നിവയും വിശദമായി പരിശോധിച്ചുവരികയാണ്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി യുവതിയെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകാമെന്നും അധികൃതർ അറിയിച്ചു.

Share