ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിനെ നടുക്കി കൂട്ടക്കൊലപാതകം. ദമ്പതികളെയും മകളെയും സ്വന്തം വീടിനുള്ളിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. നഗരത്തിലെ ബൈയപ്പനഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. മൂത്തമകളുടെ ലിവ്-ഇൻ പങ്കാളിയെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
ബെംഗളൂരുവിലെ കെ.ആർ. പുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സീഗേഹള്ളിയിലുള്ള സായി ഗ്രീൻ അപ്പാർട്ട്മെന്റിലാണ് രാജ്യത്തെ നടുക്കിയ കൂട്ടക്കൊല അരങ്ങേറിയത്. സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇളയ മകൾ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിലാണ് മൂന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ദമ്പതികളുടെ മൂത്തമകൾ ശ്വേതയും ലിവ്-ഇൻ പങ്കാളി കെനത്തും സംഭവശേഷം ഒളിവിലാണ്. ഇവർക്കായി വ്യാപക തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ശ്വേതയുടെയും കെനത്തിനറെയും ബന്ധത്തെ മാതാപിതാക്കൾ ശക്തമായി എതിർത്തിരുന്നു ഇതേ ചൊല്ലി കുടുംബത്തിൽ നിരന്തരം തർക്കങ്ങൾ നടന്നിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വൈരാഗ്യമാണ് കൂട്ടക്കൊലയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണോയെന്നതടക്കമുള്ള എല്ലാ സാധ്യതകളും അന്വേഷണസംഘം പരിശോധിക്കുകയാണ്. ഇതിനിടെ ശ്വേതയ്‌ക്ക് ഏകദേശം 30 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നതായും, അതുമായി ബന്ധപ്പെട്ട തർക്കങ്ങളും കുടുംബത്തിൽ നിലനിന്നിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു