കൊട്ടാരക്കര ടിപ്പർ അപകടം: കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

Published by
ജനം വെബ്‌ഡെസ്ക്

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് ടിപ്പർ ലോറി ഇടിച്ചുകയറി മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി സി.പി. ജോൺ. അപകടത്തിന് കാരണമായത് അമിത വേഗതയാണെന്ന് സ്ഥിരീകരിക്കപ്പെടുന്ന പക്ഷം കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം നിയമലംഘനങ്ങൾ ആരുടെയായാലും കർശന നടപടിക്ക് വിധേയമാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അമിതവേഗതയിൽ ഓടുന്ന ടിപ്പർ ലോറികൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളും പരിഗണനയിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ഇന്ന് രാവിലെ കൊട്ടാരക്കര നീലേശ്വരത്ത് മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരാണ് മരിച്ചത്. കുടവട്ടൂർ ലക്ഷ്മി കോട്ടേജ് ഹരിലാൽ (54), കാർമൽ സ്കൂൾ വിദ്യാർഥി പാർഥിപ് (15), അജയകുമാർ (45) എന്നിവരാണ് മരിച്ചത്.

ബസ് കാത്തുനിന്നവർക്കിടയിലേക്ക് ടിപ്പർ മറിഞ്ഞ് വീണതിനെ തുടർന്നാണ് ദുരന്തം ഉണ്ടായത്. എട്ട് പേരാണ് അപകടത്തിൽപ്പെട്ടത്. കുശാൽ, ഋഷഭ് ബോബൻ, നവനീത്, ജിബിമോൾ, ടിപ്പർ ഡ്രൈവർ ചവറ സ്വദേശി നിസാം എന്നിവരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ ഒരു വിദ്യാർഥിയുടെ നില ഗുരുതരമാണെന്നാണ് വിവരം

Share