കേൾവിക്കുറവുള്ള മുത്തശ്ശിയോടുളള ചോദ്യത്തിന് മറുപടി പറഞ്ഞു; പേരക്കുട്ടിയുടെ കരണത്ത് ആഞ്ഞടിച്ചു; ഞാറയ്‌ക്കൽ എസ്.ഐ. അരുണിനെതിരെ പരാതി

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി : മോഷണക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ അമ്മൂമ്മയ്‌ക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തിയ പതിനാറുകാരനായ വിദ്യാർഥിയെ എസ്.ഐ. മർദിച്ചതായി ഗുരുതര പരാതി. ഞാറയ്‌ക്കൽ എസ്.ഐ അരുൺവിദ്യാർഥിയുടെ മുഖത്ത് അടിച്ചെന്നാണ് ആരോപണം. പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നായരമ്പലം വെളിയത്താംപറമ്പിൽ മാല നഷ്ടപ്പെട്ടെന്ന പരാതിയെ തുടർന്നാണ് അമ്മൂമ്മയും പേരക്കുട്ടിയും സ്റ്റേഷനിലെത്തിയത്. കേൾവിക്കുറവുള്ള അമ്മൂമ്മയോട് ചോദിച്ച ചോദ്യത്തിന് പേരക്കുട്ടി മറുപടി പറഞ്ഞതിൽ പ്രകോപിതനായാണ് എസ്.ഐ. മർദിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.

ബാങ്കിലേക്ക് പോകും വഴി കൈയിൽ നിന്ന് വീണ പണമാണ് താഴെ നിന്ന് എടുത്തതെന്ന് അമ്മൂമ്മ വിശദീകരിക്കുന്നു. പേരക്കുട്ടിയെ മർദിച്ച സംഭവത്തിൽ ആഭ്യന്തരമന്ത്രി, ഡി.ജി.പി., എസ്.പി. എന്നിവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. മൂന്ന് ഓട്ടോഡ്രൈവർമാർ സ്ത്രീ മാല എടുക്കുന്നതായി മൊഴി നൽകിയതായും, അവരുടെ പേരിൽ മാനനഷ്ടക്കേസ് നൽകുമെന്നും കുടുംബം അറിയിച്ചു.

അതേസമയം, “കേസന്വേഷണവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തത്; മർദനാരോപണം കെട്ടിച്ചമച്ചതാണ്” എന്ന നിലപാടിലാണ് പോലീസ്.

Share