തിരുവനന്തപുരം: എഐവൈഎഫ് നടത്തിയ നിയമസഭാ മാർച്ചിനുനേരെ പോലീസ് പ്രയോഗിച്ച ജലപീരങ്കിയിൽ ഉപയോഗിച്ചത് മലിനജലമാണെന്ന സിപിഎം–സിപിഐ ആരോപണങ്ങൾക്കെതിരെ മുൻ ഡിജിപിയും ആർ. ശ്രീലേഖ രംഗത്ത്. വിഷയത്തിൽ പ്രതിപക്ഷ നേതാവിനെയും സർക്കാർ നിലപാടിനെയും വിമർശിച്ചാണ് ശ്രീലേഖയുടെ പ്രതികരണം.
പോലീസിന്റെ ജലപീരങ്കിയിൽ കരമനയാറിലെ മലിനജലമാണ് ഉപയോഗിച്ചതെന്ന ആരോപണത്തെ പരിഹസിച്ച ശ്രീലേഖ, മുൻപും സമാന സംഭവങ്ങൾ ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. “വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് നടന്ന മഹിളാ മോർച്ചാ മാർച്ചിനിടെ ഉപയോഗിച്ച ജലപീരങ്കി പോലും മലിനജലമായിരുന്നുവെന്ന അനുഭവം” അവർ ഫേസ്ബുക്കിൽ പങ്കുവെച്ചു. പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ നിലപാടുകളെയും അവർ വിമർശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൽ ശ്രീലേഖ പങ്കുവെച്ചത്:
“പോലീസിന്റെ ജലപീരങ്കിയിൽ നിറക്കുന്നത് e-coli ധാരാളമുള്ള കരമനയാറിലെ മലിന ജലമാണ് എന്ന് ഇപ്പോഴാണ് 10 വർഷം പോലീസിനെ നയിച്ച പ്രതിപക്ഷനേതാവ് മനസ്സിലാക്കുന്നത്!
DYFI ക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ…
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഫലം വരുന്നതിനു മുൻപ് വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ മഹിളാ മോർച്ചാ പ്രവർത്തകർക്ക് നേരെ പോലീസ് ‘വരുൺ’ ചീറ്റിയ, ഏതോ ഓടയിൽ നിന്ന് എടുത്ത തവിടു നിറത്തിലുള്ള ദുർഗ്ഗന്ധം വമിക്കുന്ന മലിന ജലം മാധ്യമങ്ങളിലൂടെ എല്ലാ മലയാളികളും കണ്ടതാണ്. ഞാനത് അനുഭവിക്കുകയും ചെയ്തു.
“മൗലികാവകാശം” എന്ന നാടകത്തിൽ N N പിള്ളയുടെ ഒരു കഥാപാത്രം പറയുന്നത് ഓർമ്മ വന്നു.
“പാപ്പൻ എന്നും പാപ്പൻ ആയിരുന്നു. പോലീസ് എന്നും പോലീസും ആയിരുന്നു. നേതാവ് മാറി മന്ത്രി ആയി എന്ന് മാത്രം!””
സംഭവം രാഷ്‌ട്രീയ വാദപ്രതിവാദങ്ങൾക്ക് പുതിയ വേഗം നൽകിയിരിക്കുകയാണ്.















