മുംബൈ: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തമായി എത്തിയതോടെ മുംബൈയില്‍ കനത്ത മഴയും വ്യാപക നാശനഷ്ടവും. കഴിഞ്ഞ 24 മണിക്കൂറിനിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 300 മില്ലീമീറ്ററിലേറെ മഴ ലഭിച്ചതോടെ റോഡുകള്‍ വെള്ളത്തിനടിയിലാകുകയും ഗതാഗതം സ്തംഭിക്കുകയും നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. ദക്ഷിണ മുംബൈയില്‍ മാത്രം 248 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ജൂണില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന മഴയാണിത്.
മഴയുടെ ആദ്യഘട്ടത്തില്‍ തന്നെ നഗരം പ്രളയസമാന സാഹചര്യം നേരിട്ടതോടെ വരും ദിവസങ്ങളിലെ മണ്‍സൂണ്‍ ആശങ്കയുയര്‍ത്തുകയാണ്. സിയോണ്‍ ഉള്‍പ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാര്‍ ശക്തമായ മഴ തുടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്ന ആശങ്ക പങ്കുവെച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യാ കാലാവസ്ഥാ വകുപ്പ് മുംബൈയ്‌ക്കും പാല്ഘറിനും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇടിമിന്നല്‍, ശക്തമായ മഴ, മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റ് എന്നിവയ്‌ക്കുള്ള മുന്നറിയിപ്പാണ് നല്‍കിയിരുന്നത്. പിന്നീട് മുന്നറിയിപ്പ് ഓറഞ്ച് അലര്‍ട്ടായി കുറച്ചെങ്കിലും മഴ തുടരുമെന്നാണ് പ്രവചനം. മാട്ടുങ്ങ, ദാദര്‍, ആന്ധേരി, വിക്രോളി ഉള്‍പ്പെടെ നഗരത്തിലെ നിരവധി പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. കിംഗ്സ് സര്‍ക്കിള്‍, ഹിന്ദു കോളനി തുടങ്ങിയ ഭാഗങ്ങളിലെ റോഡുകളില്‍ വാഹനങ്ങള്‍ വെള്ളത്തിലൂടെ നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
ആന്ധേരി സബ്വേ വെള്ളം കയറിയതിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിടുകയും നിരവധി പേര്‍ മുട്ടോളം വെള്ളത്തിലൂടെ നടന്നുപോകേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി വിക്രോളി വെസ്റ്റിലെ ഒരു താമസകെട്ടിടത്തിന് സമീപത്തെ സംരക്ഷണഭിത്തി തകര്‍ന്നുവീണതും കനത്ത മഴയുടെ ആഘാതം വര്‍ധിപ്പിച്ചു. ദാദറില്‍ ഒരു മരമൊടിഞ്ഞുവീണ് പാര്‍ക്ക് ചെയ്തിരുന്ന കാറിന് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, മുംബൈയുടെ പ്രധാന സബര്‍ബന്‍ റെയില്‍ സര്‍വീസുകളും ബെസ്റ്റ് ബസ് സര്‍വീസുകളും സാധാരണ നിലയില്‍ തുടരുന്നുവെന്ന് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. എന്നിരുന്നാലും പല പ്രധാന റോഡുകളിലും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മണ്‍സൂണ്‍ സാധാരണ തീയതിയെക്കാള്‍ 13 ദിവസം വൈകിയാണ് ഇത്തവണ മുംബൈയിലെത്തിയത്. എന്നാല്‍ എത്തിയ ആദ്യദിനം തന്നെ അതിശക്തമായ മഴ പെയ്തതോടെ നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും മഴക്കാല മുന്നൊരുക്കങ്ങളും വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
രാഷ്‌ട്രീയ നേതാക്കളും സാമൂഹ്യമാധ്യമങ്ങളിലൂടെ നഗരത്തിലെ വെള്ളക്കെട്ട് ചൂണ്ടിക്കാട്ടി ഭരണകൂടത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.