തൊടുപുഴ: ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. ആനക്കര സർക്കാർ സ്‌കൂളിലാണ് യിലാണ് സംഭവം നടന്നത്.
മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് ചൂരൽ ഉപയോഗിച്ച് അടിക്കുകയും മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടുകയും ചെയ്തുവെന്നാണ് കുട്ടിയുടെ പരാതി. സംഭവത്തിനിടെ അധ്യാപകൻ അസഭ്യം പറഞ്ഞതായും വിദ്യാർത്ഥി ആരോപിച്ചു.
ശരീരമാസകലം വേദന അനുഭവപ്പെടുന്നുവെന്നും കമ്പ് കൊണ്ട് നിരവധി തവണ അടിച്ചതായും കുട്ടി പറഞ്ഞു. “എന്റെ കുഞ്ഞിന് സംഭവിച്ചതുപോലെ മറ്റൊരു കുട്ടിക്കും സംഭവിക്കരുത്” എന്ന് മാതാവ് കണ്ണീരോടെ പ്രതികരിച്ചു.
തുടർന്ന് വിദ്യാർത്ഥിയെ വണ്ടന്മേട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വണ്ടന്മേട് പോലീസ് അന്വേഷണം ആരംഭിച്ചു. സഹപാഠികളുടെ മൊഴി രേഖപ്പെടുത്താനാണ് തീരുമാനം.
സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്നാണ് സ്കൂൾ അധികൃതരുടെ പ്രതികരണം.