തിരുവനന്തപുരം: കെപിസിസി പുനഃസംഘടന അടുത്തതോടെ കോൺഗ്രസിൽ ഗ്രൂപ്പ് പോര് വീണ്ടും സജീവമാകുന്നു. പുതിയ സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ഗ്രൂപ്പുകൾ സജീവമായതോടെ പാർട്ടിക്കുള്ളിലെ അധികാരപ്പോര് ശക്തമായിരിക്കുകയാണ്. അധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബെഹനാൻ എംപിയുടെയും ജോസഫ് വാഴക്കന്റെയും പേരുകളാണ് നിലവിൽ ശക്തമായി പരിഗണിക്കപ്പെടുന്നതെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് ബെന്നി ബെഹനാനിനോടാണ് താൽപര്യമെന്നാണ് പാർട്ടിക്കുള്ളിലെ സംസാരം. അതേസമയം, ജോസഫ് വാഴക്കനെ അധ്യക്ഷനാക്കണമെന്ന നിലപാടിലാണ് രമേശ് ചെന്നിത്തലയ്‌ക്ക്.
ഇതിനിടെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള വിഭാഗവും പുനഃസംഘടനയിൽ നിർണായക സ്വാധീനം ഉറപ്പാക്കാനുള്ള നീക്കത്തിലാണ്. കെപിസിസി അധ്യക്ഷൻ ആരായാലും സംസ്ഥാന ഭാരവാഹികളിലും ജില്ലാ കോൺഗ്രസ് കമ്മിറ്റികളിലും സ്വന്തം നിലപാടിനോട് അടുപ്പമുള്ളവരെ നിയോഗിക്കണമെന്നാണ് സതീശൻ അനുകൂലികളുടെ നിലപാടെന്നാണ് പാർട്ടിക്കുള്ളിൽ നിന്നുള്ള വിവരം.
സംസ്ഥാനത്തെ ഭൂരിഭാഗം ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തിലും സ്വാധീനം ഉറപ്പാക്കാനായാൽ പാർട്ടി സംഘടനയുടെ നിയന്ത്രണം കൂടുതൽ ശക്തമാക്കാൻ കഴിയുമെന്ന വിലയിരുത്തലിലാണ് സതീശൻ പക്ഷമെന്നാണ് രാഷ്‌ട്രീയ കേന്ദ്രങ്ങൾ പറയുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സംഘടനാ സംവിധാനത്തിൽ നിർണായക മാറ്റങ്ങൾ ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്.
അതേസമയം, ഹൈക്കമാൻഡ് സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി അനൗപചാരിക ചർച്ചകൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. വിവിധ ഗ്രൂപ്പുകളുടെ അഭിപ്രായങ്ങൾക്കൊപ്പം ജാതി-സമുദായ സമവാക്യങ്ങളും വിജയസാധ്യതയും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.
നിലവിലെ അധ്യക്ഷനായ സണ്ണി ജോസഫിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതോടെയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്. പുനഃസംഘടനയിലൂടെ സംഘടനാ സംവിധാനത്തിന്റെ നിയന്ത്രണം ആരുടെ കൈകളിലെത്തുമെന്ന ചോദ്യമാണ് ഇപ്പോൾ കോൺഗ്രസിനകത്തെ പ്രധാന ചർച്ച. കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള മത്സരം കടുക്കുന്നതിനൊപ്പം ഗ്രൂപ്പ് സമവാക്യങ്ങളും കൂടുതൽ സങ്കീർണമാകുകയാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.