ട്രെയിനില്‍ ഈ സാധനങ്ങള്‍ കൊണ്ടുപോയാല്‍ പിഴ ഉറപ്പ്! പുതിയ റെയില്‍വേ മാര്‍ഗനിര്‍ദേശത്തില്‍ കായികതാരങ്ങള്‍ക്ക് വന്‍ ഇളവ്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ റെയില്‍വേയുടെ ലഗേജ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. എല്ലാ തരത്തിലുള്ള വസ്തുക്കളും ട്രെയിനില്‍ കൊണ്ടുപോകാന്‍ അനുമതിയില്ലെന്നും ചില നിരോധിത സാധനങ്ങള്‍ കൈവശം സൂക്ഷിക്കുന്നത് നിയമനടപടികള്‍ക്കും പിഴയ്‌ക്കും കാരണമാകുമെന്നും റെയില്‍വേ വ്യക്തമാക്കി.

അതേസമയം, കായികതാരങ്ങള്‍ക്ക് ആശ്വാസമാകുന്ന പുതിയ തീരുമാനവും റെയില്‍വേ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ജാവലിന്‍ ഉള്‍പ്പെടെയുള്ള വലിപ്പമേറിയ ചില കായിക ഉപകരണങ്ങള്‍ നിശ്ചിത ചരക്ക് നിരക്ക് അടച്ചാല്‍ ട്രെയിനില്‍ കൊണ്ടുപോകാന്‍ ഇനി അനുമതിയുണ്ടാകും. ഇവ ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ സൂക്ഷിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.

സാധാരണ ലഗേജിന് ബാധകമായ ഭാരപരിധി ഇത്തരം സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ക്ക് ബാധകമല്ലെന്നതും പുതിയ മാര്‍ഗനിര്‍ദേശത്തിലെ പ്രധാന ഇളവാണ്. ഇതിലൂടെ ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്ന അത്ലറ്റുകള്‍ക്ക് യാത്ര കൂടുതല്‍ സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ എല്ലാ കായിക ഉപകരണങ്ങള്‍ക്കും ഈ ഇളവ് ലഭിക്കില്ല. അമിത നീളമോ സാങ്കേതിക സുരക്ഷാ പ്രശ്‌നങ്ങളോ ഉള്ള ചില ഉപകരണങ്ങള്‍ യാത്രാ കോച്ചുകളില്‍ സുരക്ഷിതമായി കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ അവയ്‌ക്ക് അനുമതിയില്ലെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനൊപ്പം ട്രെയിനുകളില്‍ പെട്രോള്‍, ഡീസല്‍, മറ്റ് തീപിടിത്ത സാധ്യതയുള്ള ദ്രാവകങ്ങള്‍ എന്നിവ കൊണ്ടുപോകുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. പടക്കങ്ങള്‍, വെടിമരുന്ന്, ഗ്യാസ് സിലിണ്ടറുകള്‍, ആയുധങ്ങള്‍, മറ്റ് അപകടകാരികളായ വസ്തുക്കള്‍ എന്നിവയും യാത്രക്കാര്‍ കൈവശം വയ്‌ക്കാന്‍ പാടില്ല.

റെയില്‍വേ നിയമങ്ങള്‍ ലംഘിച്ച് ഇത്തരം സാധനങ്ങള്‍ ട്രെയിനില്‍ കൊണ്ടുപോകുന്നവര്‍ക്ക് നിയമനടപടികളും സാമ്പത്തിക പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. യാത്രയ്‌ക്ക് മുമ്പ് അനുവദനീയവും നിരോധിതവുമായ വസ്തുക്കളുടെ പട്ടിക പരിശോധിക്കുന്നത് അനാവശ്യ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നും റെയില്‍വേ നിര്‍ദേശിക്കുന്നു.

Share