തിരുവനന്തപുരം ‘യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പ്’ യാഥാര്‍ഥ്യത്തിലേക്ക്; കേരളത്തെ ആഗോള ഗവേഷണ-സാങ്കേതിക ഹബ്ബാക്കാന്‍ വമ്പന്‍ പദ്ധതി; കേന്ദ്രസര്‍ക്കാരിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖര്‍

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: കേരളത്തെ രാജ്യത്തെ പ്രമുഖ ഗവേഷണ-സാങ്കേതിക കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ തിരുവനന്തപുരത്ത് ‘യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പ്’ യാഥാര്‍ഥ്യമാകുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യയിലെ ആദ്യത്തെ യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പുകളിലൊന്നാണ് തിരുവനന്തപുരത്ത് വരുന്നതെന്നും, ഇതിലൂടെ സംസ്ഥാനത്തിന്റെ വികസനത്തിന് പുതിയ അധ്യായം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലാണ് തിരുവനന്തപുരത്തെ ലോകോത്തര നിലവാരമുള്ള സാങ്കേതിക-ഗവേഷണ ഹബ്ബാക്കി മാറ്റാന്‍ 2024 മുതല്‍ തന്നെ ശ്രമിച്ചുവരുകയായിരുന്നുവെന്നും, ആ സ്വപ്‌നം യാഥാര്‍ഥ്യത്തിലേക്ക് വലിയൊരു ചുവടുവെച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയത്. ഈ പദ്ധതിക്ക് പിന്തുണ നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനോടും രാജീവ് ചന്ദ്രശേഖര്‍ നന്ദി അറിയിച്ചു. കേരളത്തിന്റെ ഭാവി വികസനത്തില്‍ നിര്‍ണായക നിക്ഷേപമാണ് കേന്ദ്രം അനുവദിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ ക്ലസ്റ്ററായ ടി-റിക്കിനൊപ്പം പുതിയ യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പും യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്ത് ഗവേഷണവും സാങ്കേതിക വിദ്യയും കേന്ദ്രീകരിച്ച വലിയ വികസന ശൃംഖലയ്‌ക്ക് തുടക്കമാകുമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ അവകാശവാദം. പുതിയ ആശയങ്ങള്‍ക്കും ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ക്കും ടി-റിക് വേദിയൊരുക്കുമ്പോള്‍, അവയെ ആഗോള നിലവാരത്തിലേക്ക് വളര്‍ത്തിയെടുക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളാണ് യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പ് ഒരുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സര്‍വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, വ്യവസായ സംരംഭങ്ങള്‍, വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം എന്നിവയെ പരസ്പരം ബന്ധിപ്പിച്ചുള്ള വികസന മാതൃകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബയോടെക്‌നോളജി, ഡീപ് ടെക്, ഗവേഷണം തുടങ്ങിയ മേഖലകളില്‍ ഉയര്‍ന്ന ശമ്പളമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതി വഴിയൊരുക്കും.

ഇതിലൂടെ യുവാക്കള്‍ക്ക് സംസ്ഥാനത്തിന് പുറത്തേക്ക് തൊഴില്‍ തേടി പോകാതെ കേരളത്തില്‍ തന്നെ മികച്ച കരിയര്‍ കെട്ടിപ്പടുക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തെ വികസിത സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പദ്ധതിയെന്നും, ഇത് വലിയ വികസന യാത്രയുടെ തുടക്കം മാത്രമാണെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

Share