ഹാഥ്‌റസ്: ഉത്തര്‍പ്രദേശില്‍ വീണ്ടും രാഷ്‌ട്രീയ പോര് കനക്കുന്നതിനിടെ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയെ മതനഗരമാക്കി മാറ്റുമെന്ന അഖിലേഷിന്റെ പരാമര്‍ശത്തെ പരിഹസിച്ച യോഗി, ‘അയോധ്യയെ രാമഭക്തര്‍ ഇതിനകം തന്നെ മാറ്റിയിട്ടുണ്ട്. ആദ്യം രാമലല്ലയെ കണ്ട് പ്രായശ്ചിത്തം ചെയ്യൂ’ എന്ന് തിരിച്ചടിച്ചു.
ഹാഥ്‌റസ് ജില്ലയില്‍ 548 കോടി രൂപയുടെ 143 വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഹാഥ്‌റസ്, സികന്ദ്രറാവു, സദാബാദ് മണ്ഡലങ്ങളിലായി നടപ്പാക്കുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട യോഗി, വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് ചെക്കുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ഭവനങ്ങളുടെ താക്കോല്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും വിതരണം ചെയ്തു.
പൊതുയോഗത്തെ അഭിസംബോധന ചെയ്ത യോഗി, ‘അയോധ്യയെ മതനഗരമാക്കുമെന്ന് പറയുന്നവര്‍ സ്വന്തം ഭരണകാലത്ത് രാമഭക്തര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. മൗലവിമാര്‍ക്കും മുല്ലമാര്‍ക്കും മുന്നില്‍ മുട്ടുമടക്കുകയല്ലാതെ സംസ്ഥാന വികസനത്തിനോ അയോധ്യ, മഥുര, കാശി എന്നിവയുടെ പൈതൃകം സംരക്ഷിക്കാനോ സമാജ്വാദി പാര്‍ട്ടിക്ക് യാതൊരു അജണ്ടയുമില്ല’ എന്ന് ആരോപിച്ചു.
അഖിലേഷ് യാദവ് യഥാര്‍ത്ഥത്തില്‍ മതവിശ്വാസത്തെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മഥുര, വൃന്ദാവന്‍, ശ്രീകൃഷ്ണ ജന്മഭൂമി വിഷയങ്ങളിലും വ്യക്തമായ നിലപാട് പ്രഖ്യാപിക്കണമെന്ന് യോഗി വെല്ലുവിളിച്ചു. ‘രാമജന്മഭൂമി വിമോചന പ്രസ്ഥാനത്തിന് സമാനമായി ശ്രീകൃഷ്ണ ജന്മഭൂമിക്കും വിമോചന പ്രസ്ഥാനം വേണമെന്ന് തുറന്ന് പറയാന്‍ അഖിലേഷിന് ധൈര്യമുണ്ടോ?’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ‘ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍’ ജാതിയോ മതമോ നോക്കാതെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിത നിലവാരം ഉയര്‍ത്താനുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നതെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. രാമക്ഷേത്രം, മഥുര, കാശി എന്നിവയെ ചുറ്റിപ്പറ്റിയുള്ള രാഷ്‌ട്രീയ ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നതിനിടെയാണ് യോഗിയുടെ ഈ പരാമര്‍ശങ്ങള്‍.