വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ, നാല് പേർ അറസ്റ്റിൽ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: വിദേശ വനിതകളെ അനധികൃതമായി തലസ്ഥാനത്ത് എത്തിച്ച് പെൺവാണിഭം നടത്തിയെന്ന കേസിൽ നാല് പേരെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ രണ്ട് മലയാളികളും രണ്ട് തായ്‌ലാൻഡ് സ്വദേശിനികളും ഉൾപ്പെടുന്നു.

അണ്ടൂർക്കോണം പറമ്പിപ്പാലം ടി.എ. മൻസിലിൽ ആസിഫ് (28), പോത്തൻകോട് കീഴ് തോന്നയ്‌ക്കൽ അഞ്ചു ഭവനിൽ അദീഷ് കൃഷ്ണൻ (28), തായ്‌ലാൻഡ് സ്വദേശിനികളായ സിരിലക്ക് (42), സുകന്യ (29) എന്നിവരാണ് അറസ്റ്റിലായത്.

കുളത്തൂർ കട്ടേല ഭാഗത്തെ ഒരു വാടകവീട്ടിനെ കേന്ദ്രമാക്കിയാണ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. വിദേശ വനിതകളെ ഉപയോഗിച്ച് അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

രാജ്യത്ത് തുടരാൻ ആവശ്യമായ നിയമാനുസൃത രേഖകൾ തായ്‌ലാൻഡ് സ്വദേശിനികൾക്കില്ലായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പരിശോധനയ്‌ക്കിടെ മറ്റൊരു വിദേശ യുവതിയെയും ചോദ്യം ചെയ്തെങ്കിലും സാധുവായ രേഖകൾ ഹാജരാക്കിയതിനെ തുടർന്ന് വിട്ടയച്ചു.

വിദേശികളായ സ്ത്രീകളെ നിയമവിരുദ്ധമായി താമസിപ്പിച്ച് പെൺവാണിഭ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുവെന്നാണ് പ്രതികൾക്കെതിരായ കേസ്. മനുഷ്യക്കടത്ത് ശൃംഖലയിലെ മറ്റ് കണ്ണികളെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.

Share