പൂനെ: രാജ്യത്തെ നടുക്കിയ മൂന്നുവയസ്സുകാരിയുടെ ബലാത്സംഗ-കൊലപാതകത്തിൽ 65-കാരൻ ഭീംറാവു കാംബ്ലെയ്‌ക്ക് വധശിക്ഷ വിധിച്ച് പൂനെ പ്രത്യേക കോടതി. സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച അതിക്രൂര കുറ്റകൃത്യമാണിതെന്നും, പ്രതിയോട് കരുണ കാണിക്കാൻ യാതൊരു സാഹചര്യവുമില്ലെന്നും വിലയിരുത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. കേസിനെ ‘അപൂർവങ്ങളിൽ അപൂർവമായത്’ എന്നാണ് കോടതി വിശേഷിപ്പിച്ചത്.
മെയ് 1-ന് പൂനെ ജില്ലയിലെ നസ്രാപൂർ ഗ്രാമത്തിലായിരുന്നു ക്രൂരമായ സംഭവം. ലഘുഭക്ഷണം നൽകാമെന്നും പുതുതായി ജനിച്ച പശു കിടാവിനെ കാണിച്ചുതരാമെന്നും പറഞ്ഞ് മൂന്നുവയസ്സുകാരിയെ പ്രതി ആളൊഴിഞ്ഞ കന്നുകാലി ഷെഡിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ കുട്ടിയെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചശേഷം വായ പൊത്തിപ്പിടിക്കുകയും നെഞ്ചിൽ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പീഡനത്തിനിടെയാണ് കുട്ടി മരിച്ചതെന്നും അന്വേഷണസംഘം വ്യക്തമാക്കി.
കുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചതാണ് അന്വേഷണത്തിൽ നിർണായക തെളിവായത്. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഡിഎൻഎ പരിശോധന, മെഡിക്കൽ റിപ്പോർട്ടുകൾ, സിസിടിവി ദൃശ്യങ്ങൾ, സാക്ഷിമൊഴികൾ എന്നിവ കുറ്റം തെളിയിക്കുന്നതിൽ നിർണായകമായി.
കുറ്റകൃത്യത്തിന്റെ ക്രൂരത, പ്രതിക്കെതിരായ മുൻ ലൈംഗിക അതിക്രമ കേസുകൾ എന്നിവയും കോടതി പരിഗണിച്ചു. കുറ്റം ചെയ്തശേഷവും പ്രതി പശ്ചാത്താപം പ്രകടിപ്പിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. കേസ് രജിസ്റ്റർ ചെയ്ത് 60 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചതും ശ്രദ്ധേയമാണ്.