കോവളം: വിഴിഞ്ഞത്ത് ഭർത്തൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് സമീപം പൊടിയണിവിള വീട്ടിൽ അഭിലാഷ് (32) ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27)യെ വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മുറിയിൽ നിന്ന് ബുക്കിൽ എഴുതിവെച്ച ആത്മഹത്യാക്കുറിപ്പും യുവതിയുടെ ഫോണിൽ റെക്കോർഡ് ചെയ്ത ശബ്ദസന്ദേശവും പോലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെയോടെ ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് വിഴിഞ്ഞം എസ്.ഐ ആർ. പ്രശാന്ത് അറിയിച്ചു. ഫോണിന്റെ കൂടുതൽ പരിശോധനയ്‌ക്കായി ഫൊറൻസിക് വിഭാഗത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷം മാത്രമാണ് ആയിരുന്നത്. ചൊവ്വാഴ്ച വൈകിട്ട് ഭർത്താവിന്റെ പിതാവ് ചന്ദ്രൻ വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. ഫോൺവിളികൾക്ക് മറുപടി ലഭിക്കാതിരുന്നതിനെ തുടർന്ന് അയൽവാസികളുടെ സഹായത്തോടെ ജനൽചില്ല് തകർത്ത് പരിശോധിക്കുമ്പോഴാണ് യുവതിയെ തൂങ്ങിയ നിലയിൽ കണ്ടത്.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ച് മണിക്കൂറുകൾ കഴിഞ്ഞതായി ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.