മമത ബാനർജിക്ക് വീണ്ടും തിരിച്ചടി? തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് വിമത ടിഎംസി എംഎൽഎമാർ; പാർട്ടി ചിഹ്നത്തിലും ഫണ്ടിലും അവകാശവാദം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പോര് കൂടുതൽ രൂക്ഷമാകുന്നു. ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിലെ പത്ത് അംഗ പ്രതിനിധിസംഘം വ്യാഴാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സന്ദർശിച്ച് പാർട്ടിയുടെ ഔദ്യോഗിക തിരഞ്ഞെടുപ്പ് ചിഹ്നത്തിലും പാർട്ടി ഫണ്ടുകളിലും അവകാശവാദം ഉന്നയിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷനുമായി നടത്തിയ കൂടിക്കാഴ്ചയിൽ, തങ്ങളുടെ വിഭാഗത്തിനാണ് പാർട്ടിയിലെ ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണയെന്നും, അതിനാൽ പാർട്ടിയുടെ ഔദ്യോഗിക അംഗീകാരവും  ചിഹ്നവും തങ്ങൾക്ക് അനുവദിക്കണമെന്നും വിമത വിഭാഗം ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. പാർട്ടി ഫണ്ടുകളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട ആവശ്യങ്ങളും കമ്മീഷന് മുന്നിൽ അവതരിപ്പിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത ഭിന്നത കഴിഞ്ഞ ദിവസങ്ങളിലായി കൂടുതൽ ശക്തമായിരുന്നു. നിയമസഭയിൽ വിമത എംഎൽഎമാർ പാർട്ടി നിലപാടിന് വിരുദ്ധമായി വോട്ടുചെയ്തതും ചില ബില്ലുകളിൽ നിന്ന് വിട്ടുനിന്നതും പ്രതിസന്ധി കൂടുതൽ വഷളാക്കിയിരുന്നു.

അതേസമയം, മമത ബാനർജി നേതൃത്വം നൽകുന്ന ഔദ്യോഗിക വിഭാഗം വിമതരുടെ നീക്കങ്ങളെ ശക്തമായി എതിർക്കുകയാണ്. പാർട്ടിയുടെ പേരും ചിഹ്നവും ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് വിമതർക്കെതിരെ വ്യാജരേഖ ചമയ്‌ക്കൽ, ആൾമാറാട്ടം തുടങ്ങിയ പരാതികളും നൽകിയിട്ടുണ്ട്.

വിമത വിഭാഗത്തിന്റെ അവകാശവാദങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ എങ്ങനെ പരിഗണിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. കമ്മീഷന്റെ തുടർനീക്കങ്ങൾ പശ്ചിമ ബംഗാളിലെ രാഷ്‌ട്രീയ സമവാക്യങ്ങളിൽ നിർണായക സ്വാധീനം ചെലുത്തും.

Share