11 കാരൻ ഓടിച്ച പിക്കപ്പ് ട്രക്ക് തീർഥാടന സംഘത്തിലേക്ക് പാഞ്ഞുകയറി; എട്ട് ബുദ്ധ സന്യാസിമാർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Published by
ജനം വെബ്‌ഡെസ്ക്

ബാങ്കോക്ക്: തായ്‌ലൻഡിൽ ബുദ്ധ സന്യാസിമാരുടെ തീർഥാടന സംഘത്തിലേക്ക് 11 കാരൻ ഓടിച്ച പിക്കപ്പ് ട്രക്ക്  പാഞ്ഞുകയറി എട്ടുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.

വടക്കുകിഴക്കൻ തായ്‌ലൻഡിലെ മുക്ദഹാൻ പ്രവിശ്യയിൽ ബുദ്ധ സന്യാസിമാരും ഭക്തരും ചേർന്ന് തീർഥാടന യാത്ര നടത്തുന്നതിനിടെയായിരുന്നു അപകടം. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന സംഘത്തിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ് ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. അഞ്ച് സന്യാസിമാർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ പിന്നീട് ആശുപത്രിയിൽ ചികിത്സയ്‌ക്കിടെ മരണത്തിന് കീഴടങ്ങി. നിരവധി പേർ ഇപ്പോഴും ചികിത്സയിലാണ്.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന സന്യാസിമാരുടെ സംഘത്തിലേക്ക് പിക്കപ്പ് ട്രക്ക് അതിവേഗത്തിൽ ഇടിച്ചുകയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

മാതാപിതാക്കളുടെ വാഹനം 11 വയസുകാരൻ ഓടിച്ചതാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശിശുക്ഷേമ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യുമെന്നും വാഹനം കുട്ടിയുടെ കൈവശം എങ്ങനെ എത്തിയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

.

Share