ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു; വിടവാങ്ങിയത് ‘അക്ഷരക്കഷായം’ ബ്ലോഗിന്റെ സ്രഷ്ടാവ്

Published by
ജനം വെബ്‌ഡെസ്ക്

മാവേലിക്കര: മലയാളത്തിലെ ആദ്യകാല ബ്ലോഗർമാരിലൊരാളും ശ്രദ്ധേയനായ കഥാകൃത്തുമായ ജി. അശോക് കുമാർ കർത്ത (64) അന്തരിച്ചു. ചെട്ടികുളങ്ങര കൈത തെക്ക് ‘ആനകോട്’ വീട്ടിലായിരുന്നു താമസം. കെ.എസ്.ഇ.ബിയിൽ സീനിയർ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിരുന്നു.

നൂറനാട് ലെപ്രസി സാനിറ്റോറിയത്തിന്റെ മുൻ സൂപ്രണ്ടായിരുന്ന ഡോ. എൻ. ജി. കർത്തയുടെ മകനാണ്. പി. എസ്. ശ്രീജയ (റിട്ട. അസിസ്റ്റന്റ് കമ്മീഷണർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്) ആണ് ഭാര്യ. എ. ഹരിശങ്കർ കർത്ത (എസ്.ബി.ഐ, ചെന്നിത്തല), അഡ്വ. ശ്രീലക്ഷ്മി കർത്ത (കാനഡ) എന്നിവർ മക്കളാണ്. ജാമാതാക്കൾ: ഡോ. പി. ലക്ഷ്മി, എസ്. ഘനശ്യാം. സംസ്കാരം ഞായറാഴ്ച ഉച്ചയ്‌ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

മാവേലിക്കരയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘ആൾകൂട്ടം’ ലിറ്റിൽ മാഗസിന്റെ പത്രാധിപസമിതി അംഗമായിരുന്നു. 1983-84 വർഷങ്ങളിലെ മാതൃഭൂമി സാഹിത്യ മത്സരത്തിൽ ചെറുകഥയ്‌ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിരവധി കഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

മലയാളത്തിലെ ആദ്യകാല ബ്ലോഗുകളിൽ ഒന്നായ ‘അക്ഷരക്കഷായം’ അദ്ദേഹത്തിന്റെ സൃഷ്ടിയായിരുന്നു. കേരളത്തിൽ ഫേസ്ബുക്ക് വ്യാപകമാകുന്ന കാലഘട്ടത്തിൽ സാമൂഹികമാധ്യമ ഇടപെടലുകൾക്ക് ശക്തമായ സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.

‘ഒരു ചൊറിയൻ പുഴു’ എന്ന വിശേഷണത്തിൽ സമകാലിക വിഷയങ്ങളെ ആക്ഷേപഹാസ്യ ശൈലിയിൽ അവതരിപ്പിച്ച അദ്ദേഹത്തിന്റെ കുറിപ്പുകൾ ശ്രദ്ധേയമായിരുന്നു. ആ കുറിപ്പുകളുടെ സമാഹാരമായാണ് ‘രഹസ്യമായി നിങ്ങളെ പ്രണയിക്കുന്നത് ആര്’ എന്ന പുസ്തകം പുറത്തിറങ്ങിയത്. നിർമ്മലാനന്ദഗിരിയുടെ പ്രഭാഷണങ്ങളും അദ്ദേഹം സമാഹരിച്ചിട്ടുണ്ട്.

സാഹിത്യത്തിലും നവമാധ്യമ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ജി. അശോക് കുമാർ കർത്തയുടെ വിയോഗം വലിയ നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്.

Share