ആലുവ: കനത്ത വരുമാന നഷ്ടത്തെ തുടർന്ന് ഉച്ചസമയത്ത് സർവീസ് നടത്താതിരുന്ന സ്വകാര്യ ബസിന് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. എറണാകുളം മാഞ്ഞാലി–ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ലിറ്റിൽ ഫ്‌ളവർ ബസിനാണ് നടപടി. പെർമിറ്റ് ലംഘിച്ചെന്നാരോപിച്ച് 7,500 രൂപ പിഴയാണ് ചുമത്തിയത്.
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെതിരെ വ്യത്യസ്ത രീതിയിൽ പ്രതിഷേധിച്ച ബസാണ് ലിറ്റിൽ ഫ്‌ളവർ. പുരുഷന്മാർക്ക് സൗജന്യ യാത്ര അനുവദിച്ചാണ് ബസ് ഉടമ പ്രതിഷേധം അറിയിച്ചിരുന്നത്.
കടുത്ത സാമ്പത്തിക നഷ്ടത്തെ തുടർന്ന് ഉച്ചയ്‌ക്ക് 2.30-നുള്ള സർവീസ് താൽക്കാലികമായി നിർത്തിവെച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിലാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി.
സാമ്പത്തിക പ്രതിസന്ധി കാരണമാണ് സർവീസ് താൽക്കാലികമായി നിർത്തിയതെന്ന് അറിയിച്ചിട്ടും പിഴയിൽ ഇളവ് നൽകാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്ന് ബസ് ഉടമ ആരോപിച്ചു.
ഓൺലൈൻ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയാണ് പിഴ ചുമത്തിയതെന്നാണ് എംവിഡി ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. എന്നാൽ, പിഴയായി അടയ്‌ക്കേണ്ട തുക കണ്ടെത്താൻ പോലും രണ്ടാഴ്ച സർവീസ് നടത്തിയാലും സാധിക്കാത്ത അവസ്ഥയാണിപ്പോഴുള്ളതെന്ന് ബസ് ഉടമ വ്യക്തമാക്കി.















