മുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു, നിയമസഭയിൽ കൊണ്ടുവന്നിരുത്തുമ്പോൾ എന്താണ് പറയേണ്ടതെന്നറിയാതെ ബുദ്ധിമുട്ടുന്നു: വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽ

Published by
ജനം വെബ്‌ഡെസ്ക്

തിരുച്ചെന്തൂർ: മുഖ്യമന്ത്രി വിജയ് യെ കുറിച്ചുള്ള വിവാദ പരാമർശത്തെ തുടർന്ന് ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുച്ചെന്തൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അനിത രാധാകൃഷ്ണൻ മുൻ ഡിഎംകെ സർക്കാരിൽ ഫിഷറീസ്, മത്സ്യത്തൊഴിലാളി ക്ഷേമ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 20-ന് തൂത്തുക്കുടി ജില്ലയിലെ ആതൂരിൽ നടന്ന ഡിഎംകെ പൊതുയോഗത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി വിജയിനെതിരെ വിവാദപരവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്.

മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി കഴിഞ്ഞ മാസം 20 ന് തൂത്തുക്കുടി ജില്ലയിലെ ആതൂരിൽ ഡിഎംകെയുടെ ആഭിമുഖ്യത്തിൽ ഒരു പൊതുയോഗം നടന്നു. മുൻ മന്ത്രിയും തിരുച്ചെന്തൂർ മണ്ഡലം എംഎൽഎയുമായ അനിത രാധാകൃഷ്ണൻ പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത് സംസാരിച്ചു. അവിടെ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം, തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് സിനിമാ നടിമാരുമായി ഉല്ലസിക്കുകയായിരുന്നു എന്നും . തന്നെ കൊണ്ടുവന്ന് നിയമസഭയിൽ ഇരുത്തുമ്പോൾ എന്താണ് പറയേണ്ടതെന്ന് അറിയാതെ അദ്ദേഹം ബുദ്ധിമുട്ടുന്നുവെന്നും പറഞ്ഞ് അപകീർത്തിപ്പെടുത്തിയതായി പറയപ്പെടുന്നു. ഇതുസംബന്ധിച്ച് ടിവി കെ പാർട്ടി നേതാക്കൾ ആതൂർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടത്തി അനിത രാധാകൃഷ്ണൻ എംഎൽഎയ്‌ക്കെതിരെ ഐപിസി 352, 353/2 വകുപ്പുകൾ പ്രകാരം കേസെടുത്തു.

അറസ്റ്റ് സാധ്യത ഉയർന്നതോടെ അനിത രാധാകൃഷ്ണൻ മുൻകൂർ ജാമ്യം തേടി ചെന്നൈ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി പരിഗണിച്ച കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

ഒരു എംഎൽഎ ഇത്തരത്തിൽ സംസാരിക്കുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദ്യം ചെയ്തതായും റിപ്പോർട്ടുണ്ട്.

മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ, അനിത രാധാകൃഷ്ണനെ ആതൂർ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിനിടെ സ്വന്തം കാറിൽ പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ അനിത രാധാകൃഷ്ണൻ അനുമതി തേടിയെങ്കിലും പൊലീസ് അത് നിരസിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് പൊലീസ് വാഹനത്തിൽ അദ്ദേഹത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
====================

Share