പേരാമ്പ്രയില്‍ ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം; പോലീസിനെ ആക്രമിച്ചവരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: പേരാമ്പ്രയില്‍ ലഹരി പരിശോധനയ്‌ക്കിടെ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി കോവുമ്മല്‍ സ്വദേശി അഫ്രീദ് (23), പേരാമ്പ്ര പുറ്റംപൊയില്‍ സ്വദേശി ഷംസീര്‍ (29), പാലക്കാട് എടത്തനാട്ടുകര സ്വദേശി റിന്‍ഷ ഫാത്തിമ (22), കൊല്ലം കടപ്പാക്കട സ്വദേശി സംഗീത (22), മലപ്പുറം സ്വദേശിയായ 16-കാരി എന്നിവരാണ് പിടിയിലായത്.

പ്രതികളില്‍ നിന്ന് 2.157 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായ അഫ്രീദ് മുന്‍പും ലഹരിക്കേസുകളില്‍ പ്രതിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പേരാമ്പ്ര പാണ്ടിക്കോട് പ്രദേശത്ത് ഡാന്‍സഫ് സ്‌ക്വാഡ് നടത്തിയ പരിശോധനയ്‌ക്കിടെയാണ് പ്രതികള്‍ പിടിയിലായത്. പരിശോധനയ്‌ക്കിടെ ലഹരി സംഘത്തിലുള്ളവര്‍ പോലീസിനെ ആക്രമിക്കുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയുമായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി പ്രതികളെ കീഴടക്കി അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ 7.30ഓടെയായിരുന്നു സംഭവം.

സംസ്ഥാനത്ത് ലഹരിക്കെതിരെ ശക്തമായി നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ നടപടികളുടെ ഭാഗമായാണ് പരിശോധന നടന്നത്. പദ്ധതി ആരംഭിച്ചതിന് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധിപ്പേരെ അറസ്റ്റ് ചെയ്യുകയും ലഹരിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പരിശോധന നടത്തുന്ന സംഘത്തിന് നേരെയുള്ള ആക്രമണങ്ങള്‍ ഇതാദ്യമല്ല. നേരത്തെ പാലക്കാട് ഹേമാംബിക നഗറില്‍ വനിതാ ഉദ്യോഗസ്ഥരടക്കം മൂന്ന് പോലീസുകാര്‍ക്ക് നേരെയും ലഹരി സംഘത്തിന്റെ ആക്രമണമുണ്ടായിരുന്നു. ലഹരി മാഫിയക്കെതിരായ നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Share