രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം മുൻ ബിഹാർ മുഖ്യമന്ത്രി റാബ്‌റി ദേവി സർക്കാർ ബംഗ്ലാവ് ഒഴിഞ്ഞു

Published by
ജനം വെബ്‌ഡെസ്ക്

പട്‌ന: രണ്ട് പതിറ്റാണ്ടോളമായി തങ്ങളുടെ വസതിയായിരുന്ന ഔദ്യോഗിക സർക്കാർ ബംഗ്ലാവ് ഒഴിഞ്ഞ് മുൻ ബിഹാർ മുഖ്യമന്ത്രി റാബ്‌റി ദേവി സ്വന്തം വീട്ടിലേക്ക് താമസം മാറി. ഭർത്താവ് ലാലു പ്രസാദ് യാദവ് നയിക്കുന്ന രാഷ്‌ട്രീയ ജനതാദളിന്റെ (RJD) ക്യാമ്പ് ഓഫീസായും ഈ ബംഗ്ലാവായിരുന്നു പ്രവർത്തിച്ചിരുന്നത്. മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ ശക്തമായ സമ്മർദ്ദത്തെത്തുടർന്നാണ് ഈ നടപടി.

സർക്കുലർ റോഡിലെ പത്താം നമ്പർ ബംഗ്ലാവ് ഒഴിഞ്ഞ റാബ്‌റി ദേവി, അവിടെ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള കൗടില്യ നഗറിലെ തന്റെ സ്വകാര്യ വസതിയിലേക്കാണ് മാറിയത്. ഇവർ ഒഴിഞ്ഞ ബംഗ്ലാവ് ഇനി മന്ത്രി നന്ദ് കിഷോർ റാമിന് അനുവദിക്കും.

2005-ൽ അധികാരം നഷ്ടപ്പെട്ടതിന് തൊട്ടുപിന്നാലെ, അന്നത്തെ നിതീഷ് കുമാർ സർക്കാരാണ് റാബ്‌റി ദേവിക്ക് മുഖ്യമന്ത്രിയുടെ വസതിക്ക് സമീപമുള്ള ’10, സർക്കുലർ റോഡ്’ ബംഗ്ലാവ് അനുവദിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ ഈ ബംഗ്ലാവ് ‘ഉപമുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി’യാക്കി സർക്കാർ ഉത്തരവിറക്കി. പകരം പ്രതിപക്ഷ നേതാവെന്ന നിലയിൽ റാബ്‌റി ദേവിക്ക് ’39, ഹാർഡിഞ്ച് റോഡിൽ’ മറ്റൊരു ബംഗ്ലാവ് അനുവദിച്ചെങ്കിലും അവർ അങ്ങോട്ട് മാറാൻ വിസമ്മതിച്ചു. ആ സ്ഥലം ചെറുതാണെന്നതിനാലും, അവിടെ താമസിച്ച മുൻ നേതാക്കളുടെ രാഷ്‌ട്രീയ ജീവിതം തകർന്നതിനാൽ അത് ‘അപശകുനമായി’ കണക്കാക്കപ്പെട്ടതിനാലുമായിരുന്നു അവർ വീട് മാറാൻ വിസമ്മതിച്ചത്.

കഴിഞ്ഞ മാസം ജൂൺ 29-നകം പുതിയ വസതിയായ ’38, ഹാർഡിഞ്ച് റോഡിലേക്ക്’ മാറാൻ കെട്ടിട വകുപ്പ് കർശന നിർദ്ദേശം നൽകി. ഇതോടെ ദേഷ്യപ്പെട്ട റാബ്‌റി ദേവി, തന്നെ ബംഗ്ലാവിൽ നിന്ന് ബലമായി പുറത്താക്കാൻ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയെ വെല്ലുവിളിച്ചിരുന്നു. എന്നാൽ ഈ ശാഠ്യം ജനങ്ങൾക്കിടയിൽ പാർട്ടിക്ക് വലിയ രീതിയിൽ തിരിച്ചടിയുണ്ടാക്കി. “ലാലു കുടുംബത്തിന് എല്ലാ അംഗങ്ങൾക്കും പ്രത്യേക സർക്കാർ വീടുകൾ വേണം” എന്ന തരത്തിൽ എൻഡിഎ നേതാക്കൾ രാഷ്‌ട്രീയ പ്രചാരണം തുടങ്ങിയതോടെയാണ് റാബ്‌റി ദേവി നിലപാട് മാറ്റി ബംഗ്ലാവ് ഒഴിയാൻ തയ്യാറായത്.

ആർജെഡി നേതാക്കൾക്ക് നിലവിൽ മറ്റ് സർക്കാർ വസതികളുണ്ട്. റാബ്‌റി ദേവിയുടെ ഇളയ മകനും ആർജെഡി വർക്കിംഗ് പ്രസിഡന്റുമായ തേജസ്വി യാദവിന്, സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ ‘2, പോളോ റോഡിൽ’ ഔദ്യോഗിക മന്ത്രി ബംഗ്ലാവുണ്ട്.
കുടുംബവുമായി ഒരൽപ്പം അകന്നു കഴിയുന്ന മൂത്ത മകൻ തേജ് പ്രതാപ് യാദവിനും സർക്കാർ ബംഗ്ലാവുണ്ട്. തന്റെ പുതിയ പാർട്ടിയായ ‘ജനശക്തി ജനതാദൾ’ നടത്തുന്നതിനായി സ്ഥലം വേണമെന്ന് സർക്കാരിനോട് അപേക്ഷിച്ചതിനെത്തുടർന്നാണ് അദ്ദേഹത്തിന് ഈ ബംഗ്ലാവ് ലഭിച്ചത്.

Share