ഭോപ്പാൽ: വഖഫ് (ഭേദഗതി) നിയമം, 2025 പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ചരിത്രപരമായ തീരുമാനവുമായി മധ്യപ്രദേശ് സർക്കാർ. ആദ്യമായി രണ്ട് ഹിന്ദു അംഗങ്ങളെ ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു. പുതിയ ഭേദഗതി നിയമപ്രകാരം വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന നേട്ടവും മധ്യപ്രദേശ് സ്വന്തമാക്കി. മുഖ്യമന്ത്രി മോഹൻ യാദവിന്റെ നിർദ്ദേശത്തെ തുടർന്നാണ് പുതിയ ബോർഡിന് രൂപം നൽകിയത്.
10 അംഗങ്ങളുള്ള പുതിയ മധ്യപ്രദേശ് വഖഫ് ബോർഡിന്റെ ചെയർമാനായി ഡോ. സൻവർ പട്ടേലിനെ നിയമിച്ചു. ഇൻഡോറിൽ നിന്നുള്ള മനോജ് മാൽപാനി, ഗുണ സ്വദേശി അനിമേഷ് ഭാർഗവ എന്നിവരാണ് ബോർഡിൽ ഉൾപ്പെടുത്തിയ രണ്ട് ഹിന്ദു അംഗങ്ങൾ. വഖഫ് ബോർഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് മുസ്ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിക്കുന്നത്.
വഖഫ് നിയമം, 1995-ലെ സെക്ഷൻ 13(1) (2025-ലെ ഭേദഗതിയോടെ) നൽകുന്ന അധികാരം ഉപയോഗിച്ചാണ് പുതിയ ബോർഡ് രൂപീകരിച്ചത്. ഭേദഗതി ചെയ്ത നിയമത്തിലെ സെക്ഷൻ 14 അനുസരിച്ചാണ് അംഗങ്ങളെ നിയമിച്ചിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
പുതിയ ബോർഡിൽ മുൻ കേന്ദ്രമന്ത്രി നജ്മ ഹെപ്തുള്ള, ഭോപ്പാൽ നോർത്ത് എംഎൽഎ അതിഫ് അഖീൽ, ഫൈസാൻ ഖാൻ, സിസ്റ്റർ ഫാത്തിമ ചൗധരി, ഷൈസ്ത സുൽത്താൻ, ഷബാന ഖാൻ എന്നിവരും അംഗങ്ങളാണ്. പിന്നാക്ക വിഭാഗ-ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കമ്മിഷണറും ബോർഡിൽ അംഗമായിരിക്കും. നജ്മ ഹെപ്തുള്ളയുടെ നിലവിലെ കാലാവധി 2028 ഏപ്രിൽ വരെ തുടരുമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
വഖഫ് സ്വത്തുക്കളുടെ സംരക്ഷണം, രേഖകളുടെ പരിപാലനം, വരുമാനത്തിന്റെ മേൽനോട്ടം, കയ്യേറ്റങ്ങൾ തടയൽ, മത-വിദ്യാഭ്യാസ-സാമൂഹിക ക്ഷേമ ആവശ്യങ്ങൾക്കായി വഖഫ് സ്വത്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ എന്നിവയാണ് വഖഫ് ബോർഡിന്റെ പ്രധാന ചുമതലകൾ. പുതിയ ഭേദഗതിയിലൂടെ ബോർഡിന്റെ പ്രവർത്തനത്തിൽ കൂടുതൽ സുതാര്യതയും വിശാലമായ പങ്കാളിത്തവും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി.