ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള-ആനുകൂല്യ പരിഷ്കരണവുമായി ബന്ധപ്പെട്ട് എട്ടാം ശമ്പള കമ്മീഷന് വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി. വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയ്‌ക്ക് നിശ്ചിത സമയത്തിനകം ആവശ്യമായ വിവരങ്ങൾ സമർപ്പിക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് സമയപരിധി ദീർഘിപ്പിച്ചത്.
നേരത്തെ ജൂൺ 30 ആയിരുന്ന അവസാന തീയതിയാണ് ജൂലൈ 31 വരെ നീട്ടിയത്. ഡാറ്റാ കളക്ഷൻ പോർട്ടൽ വഴിയുള്ള ഓൺലൈൻ സമർപ്പണങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് കമ്മീഷൻ വ്യക്തമാക്കി. ഇ-മെയിൽ, ഹാർഡ് കോപ്പി, എക്സൽ ഷീറ്റ്, പി.ഡി.എഫ്., മറ്റ് ഓഫ്‌ലൈൻ മാർഗങ്ങൾ എന്നിവയിലൂടെ ലഭിക്കുന്ന വിവരങ്ങൾ പരിഗണിക്കില്ലെന്നും കമ്മീഷൻ അറിയിച്ചു.
എല്ലാ നോഡൽ ഓഫീസർമാരും പുതുക്കിയ സമയപരിധിക്കുള്ളിൽ ഔദ്യോഗിക പോർട്ടൽ വഴി വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഡാറ്റാ കളക്ഷൻ വിഭാഗം നിർദേശിച്ചു.
മന്ത്രാലയങ്ങൾ, വകുപ്പുകൾ, മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് അംഗീകൃത തസ്തികകളുടെ എണ്ണം, നിലവിലുള്ള ജീവനക്കാരുടെ എണ്ണം, ഒഴിവുകൾ, 2023 മുതൽ 2025 വരെയുള്ള വിരമിക്കൽ കണക്കുകൾ, നിർബന്ധിത വിരമിക്കലുകൾ, പിരിച്ചുവിടലുകൾ, രാജികൾ, ജീവനക്കാരുടെ പ്രായവിവരങ്ങൾ, ശമ്പള-അലവൻസ് ചെലവുകൾ, ജി.പി.എഫ്. വിവരങ്ങൾ, സ്ഥാനക്കയറ്റങ്ങൾ തുടങ്ങിയ സമഗ്ര വിവരങ്ങളാണ് കമ്മീഷൻ ശേഖരിക്കുന്നത്.
അതേസമയം, വിവരശേഖരണത്തിനുള്ള സമയപരിധി നീട്ടിയെങ്കിലും വിവിധ നഗരങ്ങളിൽ നിശ്ചയിച്ചിരിക്കുന്ന പ്രാദേശിക സമ്പർക്ക യോഗങ്ങൾ മുൻ നിശ്ചയിച്ച പ്രകാരം തുടരും. ജൂലൈ 6, 7 തീയതികളിൽ ഭുവനേശ്വറിലും ജൂലൈ 9, 10 തീയതികളിൽ കൊൽക്കത്തയിലും കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതിനിധികളുമായി കമ്മീഷൻ ചർച്ച നടത്തും. ശമ്പള വർധന, ഫിറ്റ്‌മെന്റ് ഫാക്ടർ, വിവിധ അലവൻസുകൾ തുടങ്ങിയ വിഷയങ്ങൾ യോഗങ്ങളിൽ പരിഗണിക്കും.















