മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ സുപ്രധാന ചുമതലയിലേക്ക് രത്തൻ ടാറ്റയുടെ സഹോദരപുത്രിയും നോയൽ ടാറ്റയുടെ മകളുമായ മായ ടാറ്റ(37) എത്തുന്നു. ട്രെന്റ് ലിമിറ്റഡിന്റെ പ്രമുഖ ഫാഷൻ ബ്രാൻഡായ വെസ്റ്റ്‌സൈഡിന്റെ ഓൺലൈൻ വിഭാഗത്തിന്റെ നേതൃത്വമാണ് മായ ടാറ്റയ്‌ക്ക് ലഭിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
37-കാരിയായ മായ ടാറ്റ, ടാറ്റ ട്രസ്റ്റ്സ് ചെയർമാനും ട്രെന്റ് ലിമിറ്റഡ് ചെയർമാനുമായ നോയൽ ടാറ്റയുടെ ഇളയ മകളാണ്. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് വാർവിക്കിലും ലണ്ടനിൽ ബിസിനസ് മാനേജ്മെന്റും ഫിനാൻസും പഠിച്ച മായ, ടാറ്റ ക്യാപിറ്റലിലൂടെയാണ് കരിയർ ആരംഭിച്ചത്. പിന്നീട് ടാറ്റ ഡിജിറ്റലിൽ പ്രവർത്തിച്ച അവർ ഗ്രൂപ്പിന്റെ ഡിജിറ്റൽ ബിസിനസ് രംഗത്ത് അനുഭവസമ്പത്ത് നേടിയിട്ടുണ്ട്.
വെസ്റ്റ്‌സൈഡിന്റെ ഡിജിറ്റൽ ബിസിനസ് ശക്തിപ്പെടുത്തുകയും വിദേശ വിപണികളിലേക്കുള്ള വ്യാപനം വേഗത്തിലാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ചുമതല. വെസ്റ്റ്‌സൈഡ് ട്രെന്റിന്റെ ഏറ്റവും വലിയ ഫാഷൻ ബ്രാൻഡുകളിലൊന്നാണ്. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ ഏകദേശം 40 ശതമാനവും ഈ ബ്രാൻഡിൽ നിന്നാണ് ലഭിക്കുന്നത്. യു.എ.ഇയിൽ ആദ്യ അന്താരാഷ്‌ട്ര സ്റ്റോർ ആരംഭിച്ച വെസ്റ്റ്‌സൈഡ് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കാനുള്ള പദ്ധതിയിലാണ്.
നോയൽ ടാറ്റ ഈ വർഷം നവംബറിൽ ട്രെന്റ് ചെയർമാൻ സ്ഥാനത്ത് നിന്ന് വിരമിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് മായ ടാറ്റയ്‌ക്ക് പുതിയ ചുമതല ലഭിക്കുന്നുവെന്ന വാർത്ത പുറത്തുവരുന്നത്. ടാറ്റ ഗ്രൂപ്പിലെ തലമുറമാറ്റത്തിൽ മായ ടാറ്റയുടെ പങ്ക് കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.















