തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’യുടെ ഒരാവശ്യവും സമൂഹത്തിനില്ലെന്നും സംഘടന പിരിച്ചുവിടണമെന്നും സിപിഎം മുൻ നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. സിനിമാരംഗത്ത് മോശം ഗ്രൂപ്പിസം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
‘അമ്മ’ മറ്റ് സംഘടനകൾക്ക് തന്നെ അപമാനമാണെന്നും സാധാരണ ജനങ്ങൾക്ക് സംഘടനയോട് പ്രത്യേക താത്പര്യമോ ബന്ധമോ ഇല്ലെന്നും ജി. സുധാകരൻ പറഞ്ഞു. സംഘടനയ്‌ക്കുള്ളിലെ പ്രശ്നങ്ങൾ അതിലെ അംഗങ്ങളുടെ ആഭ്യന്തര വിഷയമാണെങ്കിലും അവ പരിഹരിക്കാൻ മോഹൻലാലും മമ്മൂട്ടിയും മുൻകൈ എടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും ജി. സുധാകരൻ രൂക്ഷ വിമർശനം ഉന്നയിച്ചു. തന്നെ ‘വർഗവഞ്ചകൻ’ എന്ന് വിശേഷിപ്പിച്ച എം.വി. ഗോവിന്ദനാണ് യഥാർഥത്തിൽ പാർട്ടി ഭരണഘടനയ്‌ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതെന്നും അതിനാൽ വർഗവഞ്ചകൻ അദ്ദേഹമാണെന്നും സുധാകരൻ പറഞ്ഞു.
എം.വി. ഗോവിന്ദന്റെ ഭാഷാപ്രയോഗത്തെയും പൊതുപ്രസംഗശൈലിയെയും വിമർശിച്ച ജി. സുധാകരൻ, ജനങ്ങളോട് സംസാരിക്കാനുള്ള യോഗ്യത അദ്ദേഹത്തിനില്ലെന്നും ആരോപിച്ചു. സി.എച്ച്. കണാരന്റെയും എ.കെ.ജിയുടെയും ഇ.എം.എസിന്റെയും കാലഘട്ടത്തിൽ പാർട്ടിയിൽ പ്രവർത്തിച്ച വ്യക്തിയാണ് താനെന്നും അന്ന് എം.വി. ഗോവിന്ദൻ പാർട്ടിയിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.