‘ജനങ്ങളാണ് ആദ്യം സംരക്ഷിക്കപ്പെടേണ്ടത്’; വന്യജീവി–മനുഷ്യ സംഘർഷത്തിന്റെ കഥയുമായി ‘ലർക്ക്’; ട്രെയിലർ പുറത്തിറങ്ങി

Published by
ജനം വെബ്‌ഡെസ്ക്

വന്യജീവി ആക്രമണവും മനുഷ്യ–വന്യജീവി സംഘർഷവും പ്രമേയമാക്കി സംവിധായകൻ എം.എ. നിഷാദ് ഒരുക്കുന്ന ‘ലർക്ക്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടി കമ്പനി പുറത്തിറക്കിയ ട്രെയിലർ സാമൂഹിക പ്രസക്തിയുള്ള വിഷയത്തെ ശക്തമായി അവതരിപ്പിക്കുന്നതാണ്.

“വനം സംരക്ഷിക്കപ്പെടണം, വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടണം. എന്നാൽ അതിനേക്കാൾ മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം” എന്ന സംഭാഷണത്തിലൂടെയാണ് ട്രെയിലർ ശ്രദ്ധ നേടുന്നത്. വന്യജീവി ആക്രമണങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേരളത്തിന്റെ സമകാലിക സാഹചര്യങ്ങളെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

വന്യജീവി സംരക്ഷണവും മനുഷ്യജീവന്റെ സുരക്ഷയും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് ചിത്രം ചർച്ച ചെയ്യുന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെയും യാഥാർഥ്യങ്ങളിലേക്കും ചിത്രം ശ്രദ്ധ തിരിക്കുന്നു.

കേരളാ ടാക്കീസിന്റെ ബാനറിൽ ആർ. ഹരികുമാർ നിർമ്മിക്കുന്ന ചിത്രം ജൂലൈ 24-ന് തിയേറ്ററുകളിലെത്തും. മാൻ മീഡിയയാണ് വിതരണം.

സൈജു കുറുപ്പ്, അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, ടി.ജി. രവി, അനുമോൾ, മഞ്ജു പിള്ള, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, ബിജു സോപാനം, സോഹൻ സീനുലാൽ, സജി സോമൻ, വിജയ് മേനോൻ, കുമാർ സുനിൽ, വിനോദ് കെടാമംഗലം, റെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുള്ള, സ്മിനു സിജോ, മുത്തുമണി, ബിന്ദു പ്രദീപ്, രമ്യ പണിക്കർ, നീതാ മനോജ്, ഷീജാ വക്കപ്പാടി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സംവിധായകൻ എം.എ. നിഷാദും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

എം.എ. നിഷാദാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത്. ജുബിൻ ജേക്കബാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രജീഷ് രാമനാണ് ഛായാഗ്രഹണം. വിപിൻ മണ്ണൂർ എഡിറ്റിംഗും പ്രകാശ് അലക്സ് പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു.

Share