സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന നാടൻ കോമഡി ഡ്രാമ ‘ഓട്ടംതുള്ളൽ’ ജൂലൈ 24-ന് തിയേറ്ററുകളിലെത്തും. ഗുഡ് ഫെലോസാണ് ചിത്രം വിതരണം ചെയ്യുന്നത്.
‘ചിരിക്കാൻ വരൂ’ എന്ന അടിക്കുറിപ്പോടെയും ഒരു പൂച്ചയുടെ ചിത്രത്തിന് പിന്നിൽ പ്രധാന താരങ്ങൾ നിറചിരിയോടെ നിൽക്കുന്ന പോസ്റ്ററിലൂടെയുമാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.
ആദ്യാ പ്രസാദ് അവതരിപ്പിക്കുന്ന ചിത്രം ജി.കെ.എസ്. പ്രൊഡക്‌ഷൻസിന്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ് നിർമ്മിക്കുന്നത്. ഹിരൺ മഹാജനും ജി. മാർത്താണ്ഡനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്.
ഒരു ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ ആരംഭിക്കുന്ന ഒരു പ്രശ്നം ക്രമേണ ഗ്രാമത്തിന്റെ മുഴുവൻ പ്രശ്നമായി മാറുന്നതും അതിലൂടെ അരങ്ങേറുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്.
വിജയരാഘവൻ, ഹരിശ്രീ അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, മനോജ് കെ.യു., ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, ബിബിൻ ജോർജ്, പൗളി വത്സൻ, സേതുലക്ഷ്മി, ചിത്ര നായർ, ബിന്ദു അനീഷ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
ബിനു ശശി റാമിന്റേതാണ് തിരക്കഥ. ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യ സുരേഷ് മേനോൻ എന്നിവർ ഗാനരചന നിർവഹിച്ചിരിക്കുന്നു. രാഹുൽ രാജാണ് സംഗീതസംവിധാനം. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു.
നർമ്മത്തിനും കുടുംബപ്രേക്ഷകരെ ആകർഷിക്കുന്ന കഥാപശ്ചാത്തലത്തിനും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.















