ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിക്കായി സർക്കാർ സംഘടിപ്പിക്കുന്ന ഒരാഴ്ച നീളുന്ന സംസ്ഥാന സംസ്കാരച്ചടങ്ങിനെതിരെ രാജ്യത്ത് വ്യാപക വിമർശനം. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന രാജ്യത്ത് കോടിക്കണക്കിന് രൂപയുടെ പൊതുപണം ചെലവഴിച്ചാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നതെന്നും, ജനപങ്കാളിത്തം പെരുപ്പിച്ച് കാണിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നുമാണ് വിമർശനം.
ടെഹ്‌റാനിൽ നടന്ന പ്രധാന അനുസ്മരണച്ചടങ്ങിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നതോടെയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച ശക്തമായത്. സർക്കാർ ജീവനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ചടങ്ങിലേക്ക് എത്തിച്ചതായും, പ്രത്യേക വാഹനസൗകര്യം, സൗജന്യ ഭക്ഷണം, അവധി എന്നിവ നൽകി ജനങ്ങളെ പങ്കെടുപ്പിക്കാൻ ശ്രമിച്ചെന്നും ഇറാൻ ഇൻറർനാഷണൽ റിപ്പോർട്ട് ചെയ്തു. ഇത്രയും സംവിധാനങ്ങൾ ഒരുക്കിയിട്ടും സദസ് പൂർണമായി നിറയ്‌ക്കാൻ കഴിഞ്ഞില്ലെന്നാണ് നിരവധി പേർ ആരോപിക്കുന്നത്.
അതേസമയം, ഇറാൻ സർക്കാർ മാധ്യമങ്ങൾ ചടങ്ങിനെ ദേശീയ ഐക്യത്തിന്റെ മഹത്തായ പ്രകടനമായാണ് വിശേഷിപ്പിച്ചത്. ദേശീയ പതാകയിൽ പൊതിഞ്ഞ ഖമേനിയുടെ ഭൗതികശരീരം ടെഹ്‌റാനിലൂടെ വിലാപയാത്രയായി കൊണ്ടുപോയ ശേഷം വിശുദ്ധ നഗരമായ ഖോമിലേക്ക് വിമാനത്തിൽ എത്തിച്ചു. കറുത്ത വസ്ത്രം ധരിച്ച ആയിരങ്ങൾ മൃതദേഹം സ്പർശിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും കടുത്ത ചൂടിൽ ജനക്കൂട്ടത്തിന് മുകളിലൂടെ വെള്ളം തളിക്കുന്നതും സംപ്രേഷണം ചെയ്തു. ശനിയാഴ്ച ആരംഭിച്ച ദുഃഖാചരണം ഖമേനിയുടെ ജന്മനാടായ മഷ്ഹദിലെ ഇമാം റെസാ പള്ളിയിൽ സംസ്കാരച്ചടങ്ങോടെ സമാപിക്കും.
എന്നാൽ ചടങ്ങിന്റെ സാമ്പത്തിക ബാധ്യതയാണ് രാജ്യത്തിനകത്ത് കൂടുതൽ പ്രതിഷേധത്തിന് ഇടയാക്കിയത്. കുതിച്ചുയരുന്ന പണപ്പെരുപ്പവും ജീവിതച്ചെലവും കാരണം സാധാരണ കുടുംബങ്ങൾ മാംസവും മറ്റ് പോഷകാഹാരങ്ങളും ഒഴിവാക്കേണ്ട അവസ്ഥയിലാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. അത്തരമൊരു സാഹചര്യത്തിൽ ആഡംബര സംസ്കാരച്ചടങ്ങിനായി വൻതുക ചെലവഴിക്കുന്നത് ജനങ്ങളുടെ യാഥാർഥ്യങ്ങളിൽ നിന്ന് സർക്കാർ അകന്നുപോയതിന്റെ തെളിവാണെന്നും നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചു.