പത്തനംതിട്ട: കടമ്മനിട്ട കല്ലേലിമുക്കിൽ വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി 75-കാരൻ ദാരുണാന്ത്യം. കല്ലേലിമുക്ക് സ്വദേശിയായ മാത്തുക്കുട്ടിയാണ് മരിച്ചത്. ശാരീരിക പരിമിതിയുള്ള മാത്തുക്കുട്ടി വീടിന് പുറത്തേക്ക് ഇറങ്ങുന്നതിനായി വീട്ടിൽ സ്ഥാപിച്ചിരുന്ന ലിഫ്റ്റ് ഉപയോഗിക്കുന്നതിനിടെയായിരുന്നു അപകടം.
ഇന്ന് രാവിലെയായിരുന്നു സംഭവം. കറന്‍റ് പോയി ലിഫ്റ്റ് നിന്നപ്പോൾ തല പുറത്തേക്കിട്ടതാവാം മരണ കാരണമെന്നാണ് റിപ്പോർട്ട്. അപകടസമയത്ത് ഭാര്യയും മാത്തുക്കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
താഴ്ചയിലുള്ള സ്ഥലത്താണ് മാത്തുക്കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്നത്. റോഡിൽ നിന്ന് വീട്ടിലേക്ക് എത്തുന്നതിനായാണ് വീടിന് പുറത്ത് പ്രത്യേക രീതിയിലുള്ള ലിഫ്റ്റ് സ്ഥാപിച്ചിരുന്നത്. ശാരീരിക പരിമിതിയുള്ള മാത്തുക്കുട്ടിയുടെ സൗകര്യം കണക്കിലെടുത്തായിരുന്നു ഈ സംവിധാനം ഒരുക്കിയത്. സാധാരണ കെട്ടിടങ്ങളിൽ കാണുന്ന ലിഫ്റ്റല്ല ഇത്. വീടിന് പുറത്ത് സ്ക്വയർ പൈപ്പുകളും ഇരുമ്പ് ഘടനകളും ഉപയോഗിച്ച് നിർമിച്ച പ്രത്യേക ലിഫ്റ്റായിരുന്നു.
പ്രാഥമിക വിവരങ്ങൾ പ്രകാരം, വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് ലിഫ്റ്റ് പെട്ടെന്ന് നിലച്ചപ്പോൾ സ്ക്വയർ പൈപ്പുകൾക്കിടയിൽ മാത്തുക്കുട്ടിയുടെ തല കുടുങ്ങുകയായിരുന്നു. ഇതാണ് മരണകാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ സാങ്കേതിക പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. മക്കൾ വിദേശത്തായതിനാൽ ദമ്പതികൾ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.
അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് ലിഫ്റ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൈമാറും.