ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

Published by
ജനം വെബ്‌ഡെസ്ക്

48 ടീമുകളുമായി ആരംഭിച്ച പോരാട്ടം ആദ്യം 32-ലേക്കും, പിന്നീട് 16-ലേക്കും ചുരുങ്ങി. ഇനി അവശേഷിക്കുന്നത് ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച എട്ട് ടീമുകള്‍ മാത്രം. ലോകകപ്പിന്റെ വിധിയെഴുതുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കിരീടസ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഇനി മൂന്ന് വിജയങ്ങള്‍ മാത്രം അകലെയായതിനാല്‍ ഓരോ മത്സരവും ഫൈനലിന്റെ തീവ്രതയോടെയാകും.

ആദ്യ ക്വാര്‍ട്ടറില്‍ 2022 ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ മൊറോക്കോയും മുന്‍ ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സും നേര്‍ക്കുനേര്‍ വരും. ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ കരുത്ത് വീണ്ടും ലോകത്തിന് മുന്നില്‍ തെളിയിക്കാനാണ് മൊറോക്കോ ഇറങ്ങുന്നത്. എന്നാല്‍ തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് ഫൈനല്‍ ലക്ഷ്യമിടുന്ന ഫ്രാന്‍സ് എംബാപ്പെ, ഡെംബലെ, മൈക്കല്‍ ഒലിസെ എന്നിവരുടെ മിന്നും ആക്രമണനിരയുമായാണ് എത്തുന്നത്.

മറ്റൊരു ക്വാര്‍ട്ടറില്‍ യൂറോപ്യന്‍ വമ്പന്‍മാരായ ബെല്‍ജിയവും സ്‌പെയിനും കൊമ്പുകോര്‍ക്കും. 2018 ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടിയ ബെല്‍ജിയം ഇത്തവണ അതിലും വലിയ നേട്ടമാണ് ലക്ഷ്യമിടുന്നത്. മറുവശത്ത്, 2010-ലെ ലോകകപ്പ് വിജയത്തിന്റെ ഓര്‍മ്മകള്‍ വീണ്ടും ആവര്‍ത്തിക്കാനാണ് സ്പാനിഷ് പടയുടെ ശ്രമം. മൈക്കല്‍ ഒയാര്‍സബലും യുവതാരം ലമീന്‍ യമാലും സ്‌പെയിനിനെ വീണ്ടും ലോകത്തിന്റെ നെറുകയിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ബ്രസീലിന് മുന്നില്‍ കടുത്ത വെല്ലുവിളിയുമായി എത്തുന്നത് നോര്‍വേയാണ്. പ്രീക്വാര്‍ട്ടറില്‍ ബ്രസീലിനെ വിറപ്പിച്ച നോര്‍വേയുടെ പ്രധാന പ്രതീക്ഷ ടൂര്‍ണമെന്റിലെ ഗോള്‍വേട്ടയില്‍ മുന്നിലുള്ള എര്‍ലിങ് ഹാളണ്ടാണ്. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ഹാരി കെയ്നും ഹാളണ്ടും തമ്മിലുള്ള ഗോള്‍മഴയ്‌ക്കായുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം.

ക്വാര്‍ട്ടര്‍ ഫൈനലിലെ അവസാന പോരാട്ടം നിലവിലെ ലോകചാമ്പ്യന്‍മാരായ അര്‍ജന്റീനയും സ്വിറ്റ്സര്‍ലന്‍ഡും തമ്മിലാണ്. 72 വര്‍ഷത്തിന് ശേഷം ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന സ്വിറ്റ്സര്‍ലന്‍ഡിന് ഇത് ചരിത്രനിമിഷമാണ്. എന്നാല്‍ ലയണല്‍ മെസിയുടെ നേതൃത്വത്തില്‍ കിരീടം നിലനിര്‍ത്താനുള്ള ലക്ഷ്യത്തോടെ അര്‍ജന്റീനയും ശക്തമായി രംഗത്തുണ്ട്.

ഇനി ഓരോ മത്സരവും ‘ചെയ്യുക അല്ലെങ്കില്‍ പുറത്താകുക’ എന്ന നിലയിലുള്ളതാണ്. സെമിഫൈനലിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കാന്‍ ആരൊക്കെ പൊരുതിവീഴും, ആരൊക്കെ വിജയഗാഥ രചിക്കും എന്നറിയാന്‍ ഫുട്‌ബോള്‍ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Share