ന്യൂഡല്‍ഹി: ജപ്പാനില്‍ നടക്കുന്ന 2026 ഏഷ്യന്‍ ഗെയിംസിനായുള്ള ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെ വീണ്ടും സലിമ ടെറ്റെ നയിക്കും. കഴിഞ്ഞ മാസം ന്യൂസിലന്‍ഡില്‍ നടന്ന എഫ്‌ഐഎച്ച് നേഷന്‍സ് കപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച സലിമയിലുള്ള വിശ്വാസമാണ് ഹോക്കി ഇന്ത്യ വീണ്ടും പ്രകടിപ്പിച്ചത്.
സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെ ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ശക്തമായ സംഘവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. യുവതാരങ്ങളുടെയും പരിചയസമ്പന്നരുടെയും മികച്ച സമന്വയമാണ് ടീമിന്റെ കരുത്തെന്ന് മുഖ്യപരിശീലകന്‍ ഷോര്‍ഡ് മറൈനെ അഭിപ്രായപ്പെട്ടു. സമീപ മാസങ്ങളിലെ മികച്ച പ്രകടനവും ഫിറ്റ്‌നസും പരിഗണിച്ചാണ് ടീമിനെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗോള്‍കീപ്പര്‍മാരായി പത്മശ്രീ ജേതാവും പരിചയസമ്പന്നയുമായ സവിതയും ബിച്ചു ദേവി ഖരിബാമും ടീമിലുണ്ട്. പ്രതിരോധനിരയില്‍ സുശീല ചാനു പുഖ്രംബം, ഇഷിക ചൗധരി, ജ്യോതി എന്നിവര്‍ക്കൊപ്പം എഫ്‌ഐഎച്ച് നേഷന്‍സ് കപ്പിലൂടെ സീനിയര്‍ അരങ്ങേറ്റം കുറിച്ച ലാല്‍ത്താന്ത്‌ലുവാങ്ങിയും ശില്‍പി ദബാസും ഇടം നേടി.
മധ്യനിരയില്‍ നായിക സലിമ ടെറ്റെയെ കൂടാതെ നിക്കി പ്രധാന്‍, സാക്ഷി റാണ, സുനേലിത ടോപ്പോ, നെഹ, ദീപിക സോറങ് എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. മുന്നേറ്റനിരയില്‍ ലാല്‍റെംസിയാമി, റുതുജ ദാദാസോ പിസല്‍, നവ്‌നീത് കൗര്‍, ദീപിക, ഇഷിക, ബല്‍ജീത് കൗര്‍, ബ്യൂട്ടി ദുങ്ദുങ് എന്നിവരാണ് ഇന്ത്യയുടെ ഗോള്‍വേട്ട നയിക്കുക.
2022 ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡലില്‍ തൃപ്തിപ്പെട്ട ഇന്ത്യ ഇത്തവണ സ്വര്‍ണമാണ് ലക്ഷ്യമിടുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ചൈനയുള്‍പ്പെടെ 10 ടീമുകളാണ് വനിതാ ഹോക്കി മത്സരത്തില്‍ മാറ്റുരയ്‌ക്കുക.
ഇന്ത്യന്‍ വനിതാ ഹോക്കി ടീം
ഗോള്‍കീപ്പര്‍മാര്‍: സവിത, ബിച്ചു ദേവി ഖരിബാം
പ്രതിരോധനിര: ഇഷിക ചൗധരി, സുശീല ചാനു പുഖ്രംബം, ലാല്‍ത്താന്ത്‌ലുവാങ്ങി, ജ്യോതി, ശില്‍പി ദബാസ്
മധ്യനിര: സലിമ ടെറ്റെ (നായിക), നിക്കി പ്രധാന്‍, സാക്ഷി റാണ, സുനേലിത ടോപ്പോ, നെഹ, ദീപിക സോറങ്
മുന്നേറ്റനിര: ലാല്‍റെംസിയാമി, റുതുജ ദാദാസോ പിസല്‍, നവ്‌നീത് കൗര്‍, ദീപിക, ഇഷിക, ബല്‍ജീത് കൗര്‍, ബ്യൂട്ടി ദുങ്ദുങ്.















