തെസ്സലോനികി: ഗ്രീസില്‍ നിന്ന് ജര്‍മനിയിലേക്ക് സര്‍വീസ് നടത്തിയ റയാന്‍എയര്‍ വിമാനത്തില്‍ അപകടം. പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ച്ചില്ല് തകര്‍ന്നതിനെ തുടര്‍ന്ന് സമീപത്ത് ഇരുന്ന യാത്രക്കാരന്‍ പകുതിയോളം വിമാനത്തിന് പുറത്തേക്ക് തെറിച്ചെങ്കിലും സീറ്റ് ബെല്‍റ്റും സഹയാത്രികരുടെ സമയോചിത ഇടപെടലും മൂലം വന്‍ ദുരന്തം ഒഴിവായി.
ഗ്രീസിലെ തെസ്സലോനികിയില്‍ നിന്ന് ജര്‍മനിയിലെ മെമ്മിങ്ങനിലേക്ക് പുറപ്പെട്ട ബോയിങ് 737 വിമാനത്തിലാണ് സംഭവം. നോര്‍ത്ത് മാസിഡോണിയയുടെ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ വിമാനം സഞ്ചരിക്കുമ്പോള്‍ എന്‍ജിനില്‍ നിന്ന് വേര്‍പെട്ട ലോഹഭാഗം ജനല്‍ച്ചില്ലില്‍ പതിക്കുകയായിരുന്നു. ഇതോടെ ജനല്‍ തകര്‍ന്നതും വിമാനത്തിനുള്ളില്‍ പെട്ടെന്ന് മര്‍ദവ്യത്യാസം ഉണ്ടായതുമാണ് അപകടത്തിന് കാരണമായത്.
ജനലിനോട് ചേര്‍ന്നിരുന്ന 61-കാരനായ സെര്‍ബിയന്‍ സ്വദേശി ശക്തമായ മര്‍ദവ്യത്യാസത്തെ തുടര്‍ന്ന് പകുതിയോളം പുറത്തേക്ക് വലിച്ചിഴക്കപ്പെട്ടു. എന്നാല്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ പൂര്‍ണമായും പുറത്തേക്ക് തെറിച്ചില്ല. സമീപത്തുണ്ടായിരുന്ന യാത്രക്കാര്‍ ഉടന്‍ തന്നെ അദ്ദേഹത്തെ പിടിച്ചുവലിച്ച് സുരക്ഷിതമായി അകത്തേക്ക് എത്തിച്ചതോടെ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.
സംഭവത്തിന് തൊട്ടുമുമ്പ് വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായും പിന്നാലെ ഓക്സിജന്‍ മാസ്‌കുകള്‍ സ്വയം താഴേക്ക് വന്നതായും യാത്രക്കാര്‍ പറഞ്ഞു. വിമാനത്തിനുള്ളില്‍ പരിഭ്രാന്തി പടര്‍ന്നെങ്കിലും ജീവനക്കാര്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിമാനം തിരിച്ചിറക്കി വീണ്ടും തെസ്സലോനികി വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
ഘര്‍ഷണത്തെ തുടര്‍ന്ന് ശരീരത്തില്‍ പൊള്ളലേറ്റ യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തില്‍പ്പെട്ട വിമാനത്തിലെ മറ്റ് യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തില്‍ ജര്‍മനിയിലേക്ക് എത്തിച്ചതായി റയാന്‍എയര്‍ അറിയിച്ചു. സംഭവത്തില്‍ സാങ്കേതിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.