ചെന്നൈ: തമിഴ്നാട്ടിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടപടികളിൽ മദ്രാസ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. തിരുച്ചിറപ്പള്ളി (ഈസ്റ്റ്), പെരുന്തുറൈ, അംബാസമുദ്രം, വീരാളിമല, കരൂർ മണ്ഡലങ്ങളിൽ ജൂലൈ 31 വരെ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കരുതെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് (ECI) കോടതി ഇടക്കാല വിലക്ക് ഏർപ്പെടുത്തി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് രാജിവെച്ച തിരുച്ചിറപ്പള്ളി (ഈസ്റ്റ്) മണ്ഡലവും വിലക്ക് ബാധകമായവയുടെ പട്ടികയിലുണ്ട്.
ചീഫ് ജസ്റ്റിസ് എസ്.എ. ധർമ്മാധികാരി, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തിരഞ്ഞെടുപ്പ് ഹർജികൾ തീർപ്പാകുന്നതിന് മുമ്പ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് ഗുരുതരമായ ഭരണഘടനാ പ്രതിസന്ധിക്ക് വഴിവെക്കാമെന്ന നിരീക്ഷണവും കോടതി നടത്തി.
ഹർജിക്കാരനായ വെങ്കിടാചലപതി മുന്നോട്ടുവച്ച പ്രധാന വാദം ഇതായിരുന്നു: പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജികൾ കോടതിയിൽ നിലനിൽക്കുകയാണ്. അതിനിടെ ഉപതിരഞ്ഞെടുപ്പ് നടത്തി പുതിയ എംഎൽഎയെ തെരഞ്ഞെടുത്താൽ, പിന്നീട് കോടതിവിധി പഴയ തിരഞ്ഞെടുപ്പ് അസാധുവാക്കി മറ്റൊരാളെ വിജയിയായി പ്രഖ്യാപിച്ചാൽ ഒരേ മണ്ഡലത്തിന് ഒരേസമയം രണ്ട് നിയമസഭാംഗങ്ങൾ എന്ന അസാധാരണ സാഹചര്യം ഉണ്ടാകും.
ഈ വാദത്തിന് പ്രാഥമികമായി പ്രാധാന്യമുണ്ടെന്ന് വിലയിരുത്തിയ കോടതി, വിഷയം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി.
മുഖ്യമന്ത്രി സി. ജോസഫ് വിജയ് രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചതിനെ തുടർന്ന് തിരുച്ചിറപ്പള്ളി (ഈസ്റ്റ്) സീറ്റ് രാജിവെച്ചിരുന്നു. എന്നാൽ വിജയിന്റെ തിരഞ്ഞെടുപ്പിനെതിരെയും ഹൈക്കോടതിയിൽ ഹർജികൾ നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് താൽക്കാലികമായി നിർത്തിവെക്കാൻ കോടതി തീരുമാനിച്ചത്.
സ്പീക്കർ രാജി സ്വീകരിച്ച നിമിഷം മുതൽ ഒഴിവ് നിലവിൽ വരുമെന്നും ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിൽ നിയമപരമായ തടസമില്ലെന്നുമായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ വാദം. എന്നാൽ തിരഞ്ഞെടുപ്പ് ഹർജികൾ തീർപ്പാകുന്നതിന് മുമ്പ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് പിന്നീട് വലിയ നിയമപ്രശ്നങ്ങൾ സൃഷ്ടിക്കാമെന്ന ആശങ്ക കോടതി രേഖപ്പെടുത്തി.
ഉപതിരഞ്ഞെടുപ്പ് നേരത്തേ നടത്തിയാൽ നികുതിദായകരുടെ പണം പാഴാകുമെന്നും, പിന്നീട് തിരഞ്ഞെടുപ്പ് ഹർജിയിലെ വിധി മറിച്ചായാൽ വീണ്ടും നിയമസങ്കീർണതയും ഭരണഘടനാ പ്രതിസന്ധിയും ഉണ്ടാകാമെന്നും കോടതി നിരീക്ഷിച്ചു.
ഒരു പ്രത്യേക മണ്ഡലത്തിലെ വോട്ടർമാർക്ക് മാത്രമേ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ കേസ് ഫയൽ ചെയ്യാൻ അവകാശമുള്ളൂ” എന്ന് മുഖ്യമന്ത്രി വിജയ്‌ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മസിലാമണി വാദിച്ചു. ഹർജിക്കാരന്റെ ലോക്കസ് സ്റ്റാൻഡി ചോദ്യം ചെയ്ത സർക്കാർ വാദവും കോടതി തള്ളി. ജനാധിപത്യ പ്രക്രിയയുടെ വിശുദ്ധിയെ ബാധിക്കുന്ന വിഷയങ്ങളിൽ ഇത്തരത്തിലുള്ള ഹർജികൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തള്ളാനാകില്ലെന്നും കോടതി വ്യക്തമാക്കി.
കേസ് ജൂലൈ 31-ന് വീണ്ടും പരിഗണിക്കും. അതുവരെ ഈ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കരുതെന്ന ഇടക്കാല ഉത്തരവ് തുടരും.