‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Published by
ജനം വെബ്‌ഡെസ്ക്

 

ഓക്ലന്‍ഡ്: ന്യൂസിലന്‍ഡ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ബന്ധം സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും പങ്കുവെച്ച മൂല്യങ്ങളുടെയും ശക്തമായ അടിത്തറയിലാണ് നിലകൊള്ളുന്നതെന്ന് പറഞ്ഞു. ഇരു രാജ്യങ്ങളും ചേര്‍ന്ന് പുതിയൊരു വികസനയാത്രയ്‌ക്ക് തുടക്കമിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസിലന്‍ഡിന്റെ സാംസ്‌കാരിക പാരമ്പര്യത്തിലെ ‘വാക്ക’ എന്ന ആശയം പരാമര്‍ശിച്ച മോദി, അത് ഒരു ബോട്ട് മാത്രമല്ല, ഒരുമിച്ചുള്ള യാത്രയുടെ പ്രതീകമാണെന്ന് പറഞ്ഞു. ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധവും ഇനി പുതിയ ദിശയിലേക്ക് സഞ്ചരിക്കാന്‍ ഒരുങ്ങുകയാണെന്നും ഈ യാത്രയുടെ യഥാര്‍ഥ സാരഥികള്‍ ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ സമൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഓക്ലന്‍ഡ് മുതല്‍ വെല്ലിങ്ടണ്‍ വരെ, ക്രൈസ്റ്റ്ചര്‍ച്ച് മുതല്‍ ക്വീന്‍സ്ടൗണ്‍ വരെ ന്യൂസിലന്‍ഡിന്റെ എല്ലാ ഭാഗങ്ങളിലും ജീവിക്കുന്ന ഇന്ത്യന്‍ സമൂഹമാണ് ഈ സുവര്‍ണ നൂറ്റാണ്ടിന്റെ യാത്രയെ മുന്നോട്ട് നയിക്കുന്നത്. ഈ യാത്ര വിജയിക്കുമെന്ന കാര്യത്തില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്,’ മോദി പറഞ്ഞു.

ന്യൂസിലന്‍ഡില്‍ ഇന്ത്യന്‍ വംശജര്‍ വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. എയര്‍ ന്യൂസിലന്‍ഡിന്റെ സിഇഒ നിഖില്‍ രവിശങ്കര്‍, മുന്‍ ഗവര്‍ണര്‍ ജനറല്‍ ആനന്ദ് സത്യാനന്ദ്, ക്രിക്കറ്റ് താരങ്ങളായ രചിന്‍ രവീന്ദ്ര, ഇഷ് സോധി, അജാസ് പട്ടേല്‍ എന്നിവരെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവനയെ അദ്ദേഹം പ്രശംസിച്ചത്.

ന്യൂസിലന്‍ഡിലെ പല സ്ഥലനാമങ്ങള്‍ക്കും ഇന്ത്യയുമായി ബന്ധമുണ്ടെന്നതും മോദി ശ്രദ്ധയില്‍പ്പെടുത്തി. ബോംബെ ഹില്‍സ്, കൊറോമണ്ടല്‍, കൊല്‍ക്കത്ത സ്ട്രീറ്റ്, ഡല്‍ഹി ക്രസന്റ്, അമൃത്സര്‍ സ്ട്രീറ്റ് തുടങ്ങിയ പേരുകള്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ചരിത്രബന്ധത്തിന്റെ അടയാളങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗത്തിനിടെ തന്റെ ആദ്യ ന്യൂസിലന്‍ഡ് സന്ദര്‍ശനത്തിന്റെ ഓര്‍മകളും മോദി പങ്കുവെച്ചു. പ്രധാനമന്ത്രിയാകുന്നതിന് വര്‍ഷങ്ങള്‍ മുമ്പ് ന്യൂസിലന്‍ഡിലെത്തിയപ്പോള്‍ ഒരു സ്വദേശിയില്‍ നിന്ന് സമ്മാനമായി ലഭിച്ച മഫ്‌ലര്‍, തൊപ്പി, കൈയുറ എന്നിവ ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അന്ന് ലഭിച്ച മഫ്‌ലര്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ച മോദി, ‘ഈ മഫ്‌ലര്‍ വര്‍ഷങ്ങളായി ഞാന്‍ ഉപയോഗിക്കുന്നുണ്ട്. നിങ്ങള്‍ എനിക്ക് നല്‍കിയ സ്‌നേഹം ഞാന്‍ ഇന്നും അതേ കരുതലോടെ കാത്തുസൂക്ഷിക്കുന്നതുപോലെയാണ് അതിനെയും സൂക്ഷിക്കുന്നത്,’ എന്ന് പറഞ്ഞു.

ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണിനും, സര്‍ക്കാരിലെയും പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയിലെയും നേതാക്കള്‍ക്കും നന്ദി രേഖപ്പെടുത്തിയ മോദി, ഇന്ത്യന്യൂസിലന്‍ഡ് ബന്ധത്തിന് ഇരു രാഷ്‌ട്രീയ മുന്നണികളുടെയും ശക്തമായ പിന്തുണ ലഭിക്കുന്നുണ്ടെന്നും അത് ഉഭയകക്ഷി ബന്ധത്തിന്റെ ഭാവിക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണെന്നും വ്യക്തമാക്കി.

Share