വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

Published by
ജനം വെബ്‌ഡെസ്ക്

കൊല്ലം: വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങിയുണ്ടായ ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളി ദമ്പതികളും. കൊല്ലം കൊട്ടാരക്കര മാര്‍ക്കറ്റ് ജംഗ്ഷന് സമീപം ആവിയോട്ട് ഹൗസില്‍ എ.സി. തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ എത്രയും വേഗം ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിയറ്റ്‌നാമിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ബന്ധുക്കള്‍ക്ക് ആവശ്യമായ എല്ലാ കോണ്‍സുലര്‍ സഹായങ്ങളും ലഭ്യമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അപകടത്തില്‍ ഇതുവരെ 15 പേര്‍ മരിച്ചതായാണ് ലഭ്യമായ വിവരം. മരിച്ചവരില്‍ 13 പുരുഷന്മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. തമിഴ്‌നാട് സ്വദേശികളാണ് മരിച്ചവരില്‍ ഏറെയും. നാല് ആന്ധ്രാപ്രദേശ് സ്വദേശികളും മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരില്‍ 17 വിനോദസഞ്ചാരികളെയും നാല് ബോട്ട് ജീവനക്കാരെയും ഉള്‍പ്പെടെ 21 പേരെ രക്ഷപ്പെടുത്തി. ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

വിയറ്റ്‌നാമിന്റെ തെക്കന്‍ തീരത്തിനടുത്തുള്ള ഫുക്വോക് ദ്വീപിന് സമീപം ശനിയാഴ്ച രാവിലെയായിരുന്നു വിനോദസഞ്ചാര ബോട്ട് അപകടത്തില്‍പ്പെട്ടത്. ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ പ്രാദേശിക അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ രാജ്യം പങ്കുചേരുന്നതായും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Share