തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ നാഷണൽ കോൺഫറൻസ് എംഎൽഎമാർക്ക് കോടികൾ വാഗ്ദാനം ചെയ്തെന്ന മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ആരോപണം തള്ളി ബിജെപി. ആരോപണത്തിന് തെളിവ് ഹാജരാക്കുകയോ അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയുകയോ ചെയ്യണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.

നാഷണൽ കോൺഫറൻസിനെ തകർക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും, പണവും മന്ത്രിസ്ഥാനവും സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനവും നൽകി എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നുമായിരുന്നു ഒമർ അബ്ദുള്ളയുടെ ആരോപണം.

ആരോപണങ്ങളെ അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമാണെന്നാണ് . ബിജെപി വക്താവും എംഎൽഎയുമായ ആർ.എസ്. പത്താനിയ  വിശേഷിപ്പിച്ചത്. ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ പണം വാഗ്ദാനം ചെയ്തതായി പറയുന്ന എംഎൽഎയുടെ പേരും, ബന്ധപ്പെട്ട ബിജെപി നേതാവിന്റെ പേരും, സംഭവം നടന്ന സ്ഥലവും സമയവും മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്രയും ഗുരുതരമായ ആരോപണമാണെങ്കിൽ എന്തുകൊണ്ടാണ് അന്വേഷണ ഏജൻസികളെ അറിയിക്കാതിരുന്നതെന്നും പത്താനിയ ചോദിച്ചു. തെളിവുകളില്ലാതെ ഒരു തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും അദ്ദേഹം വിമർശിച്ചു.

മുഖ്യമന്ത്രി സ്വന്തം സർക്കാരിന്റെ പ്രവർത്തനപരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നാഷണൽ കോൺഫറൻസ് സർക്കാർ പാലിച്ചില്ലെന്നും, അഴിമതിയും ക്രമക്കേടുകളും സംസ്ഥാനത്ത് വർധിച്ചുവെന്നുമാണ് ബിജെപിയുടെ വിമർശിച്ചു.

അതേസമയം, ആരോപണം പിൻവലിച്ച് ഒമർ അബ്ദുള്ള പരസ്യമായി മാപ്പ് പറയണമെന്നും, അതിന് തയ്യാറായില്ലെങ്കിൽ മാനനഷ്ടക്കേസ് ഉൾപ്പെടെയുള്ള നിയമനടപടികളിലേക്ക് നീങ്ങുമെന്നും ബിജെപി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Share