ആറ് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ചലച്ചിത്ര സംഗീതലോകത്തെ സ്വരമാധുര്യംകൊണ്ട് വിസ്മയിപ്പിച്ച പ്രിയ ഗായികയ്‌ക്ക് ഇന്ന് അന്ത്യയാത്ര. ഇന്നലെ അന്തരിച്ച ജാനകിയമ്മയുടെ ഭൗതികശരീരം രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെ മൈസൂരിലെ മഹാരാജ കോളേജ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകിട്ട് 4.30ന് മൈസൂരിലെ കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാര ചടങ്ങുകൾ നടക്കും.
ജാനകിയമ്മയുടെ അന്ത്യാഭിലാഷ പ്രകാരമാണ് മൈസൂരിൽ സംസ്കരിക്കുന്നതെന്ന് കുടുംബം അറിയിച്ചു. പൊതുജനങ്ങൾക്കും സംഗീതാസ്വാദകർക്കും അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രത്യേക സൗകര്യങ്ങൾ മഹാരാജ കോളേജ് ഗ്രൗണ്ടിൽ ഒരുക്കിയിട്ടുണ്ട്. വി.ഐ.പി.കൾക്കായി പ്രത്യേക സംവിധാനങ്ങളും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ജനത്തിരക്ക് കണക്കിലെടുത്ത് നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തും.
ശ്വാസതടസ്സത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് ജാനകിയമ്മയെ മൈസൂരിലെ അപ്പോളോ ബി.ജി.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വൈകിട്ട് 7.30ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു. കൊച്ചുമകൾ അപ്സര വിദ്യുലയാണ് സമൂഹമാധ്യമത്തിലൂടെ മരണവിവരം അറിയിച്ചത്. ഈ ദുഃഖഘട്ടത്തിൽ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും അവർ അഭ്യർഥിച്ചിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ 17 ഭാഷകളിലായി 40,000-ത്തിലധികം ഗാനങ്ങൾ ആലപിച്ച ജാനകിയമ്മ ഇന്ത്യൻ സംഗീതലോകത്തെ അപൂർവ പ്രതിഭയായിരുന്നു. മികച്ച പിന്നണി ഗായികയ്‌ക്കുള്ള നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അവർ സ്വന്തമാക്കി. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാന സർക്കാരുകളുടെ മികച്ച ഗായികയ്‌ക്കുള്ള പുരസ്കാരങ്ങളും നിരവധി തവണ ഗായികയെ തേടിയെത്തി.
സ്വരമാധുര്യം കൊണ്ട് തലമുറകളെ ആനന്ദിപ്പിച്ച എസ്. ജാനകിയുടെ വിയോഗം ഇന്ത്യൻ സംഗീതലോകത്തിന് നികത്താനാകാത്ത നഷ്ടമായാണ്. നിരവധി കലാകാരന്മാരും രാഷ്‌ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും ഇന്ന് മൈസൂരിലെത്തി പ്രിയ ഗായികയ്‌ക്ക് അന്തിമോപചാരം അർപ്പിക്കും.