കുട്ടിയെ നോക്കാനെത്തി; വീട്ടിലെ അലമാരയിൽ നിന്ന് 6 പവൻ സ്വർണം കവർന്നു; ഹോംനഴ്‌സ് അറസ്റ്റിൽ

Published by
ജനം വെബ്‌ഡെസ്ക്

പാലക്കാട്: വീട്ടിൽ കുട്ടിയെ നോക്കാനെത്തിയ ഹോംനഴ്‌സ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണം മോഷ്ടിച്ച കേസിൽ അറസ്റ്റിൽ. മലപ്പുറം വഴിക്കടവ് സ്വദേശി ഹഫ്‌സത്ത് ബീവി (45) യെയാണ് കൊപ്പം പോലീസ് അറസ്റ്റ് ചെയ്തത്.

കുലുക്കല്ലൂർ നാട്യമംഗലം പുലാട്ടിൽ ഷാനവാസ് അലിയുടെ വീട്ടിൽ നിന്ന് ആറ് പവൻ സ്വർണാഭരണം മോഷണം പോയ സംഭവത്തിലാണ് അറസ്റ്റ്. ജൂൺ 30-നാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാതായതിനെ തുടർന്ന് വീട്ടുകാർ കൊപ്പം പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയെ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വീട്ടിൽ കുട്ടിയെ പരിചരിക്കാനായി എത്തിയിരുന്ന ഹഫ്‌സത്ത് ബീവിയാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയത്. ശാസ്ത്രീയ തെളിവുകളും അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചതെന്നാണ് പോലീസ് പറയുന്നത്.

മോഷ്ടിച്ച സ്വർണാഭരണങ്ങൾ ഹഫ്‌സത്ത് ബീവി പണയം വെച്ചതായും അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ പണയം വെച്ചിരുന്ന ആറ് പവൻ സ്വർണാഭരണങ്ങളും കണ്ടെടുത്ത് കസ്റ്റഡിയിലെടുത്തു.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് കൊപ്പം പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും, സമാന രീതിയിലുള്ള മറ്റ് മോഷണക്കേസുകളിൽ പ്രതിക്ക് പങ്കുണ്ടോയെന്നും പരിശോധിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

Share