പാലക്കാട്: എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ ആദരിക്കുന്ന ചടങ്ങിനിടെ വിദ്യാർത്ഥികളെ വേദിയിൽ പരസ്യമായി അപമാനിച്ച് മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിജയോത്സവ പരിപാടിയിലായിരുന്നു സംഭവം.
ഹിന്ദിയിൽ എ പ്ലസ് നേടിയ ചില വിദ്യാർഥികളെ വേദിയിലേക്ക് വിളിച്ച ജലീൽ, മാതാപിതാക്കളുടെ പേരും വിലാസവും ഹിന്ദിയിൽ എഴുതാൻ ആവശ്യപ്പെട്ടു. കുട്ടികൾ എഴുതുന്നതിനിടെ അക്ഷരത്തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടതോടെ, “എടോ, നിനക്ക് അഡ്രസ് എഴുതാൻ അറിയോ? അക്ഷരമറിയില്ലേ?” എന്ന് പൊതുവേദിയിൽ ചോദിച്ച് ശാസിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വേദിയിലുണ്ടായിരുന്ന കുട്ടികളുടെ ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുട്ടികളെ പരസ്യമായി അപമാനിക്കുന്ന ജലീലിന്റെ പെരുമാറ്റം വിവാദമായിരിക്കുകയാണ്.
പരിപാടിക്കിടെ “സംസം എന്നാൽ എന്താണ് അർഥം?”, “പാത്തുമ്മയുടെ ആടിൽ എന്തിനെക്കുറിച്ചാണ് പറയുന്നത്?” തുടങ്ങിയ ചോദ്യങ്ങളും വിദ്യാർഥികളോട് അദ്ദേഹം ചോദിച്ചു. തെറ്റായ ഉത്തരം പറഞ്ഞ കുട്ടികളെ പരിഹസിക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അനുമോദന വേദിയെ പരീക്ഷാ വേദിയാക്കി മാറ്റുകയും വിദ്യാർഥികളെ പൊതുസമക്ഷം ശാസിക്കുകയും ചെയ്ത നടപടി സാമൂഹികമാധ്യമങ്ങളിൽ ശക്തമായ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. കുട്ടികൾക്ക് എഴുതാൻ കഴിഞ്ഞില്ലെങ്കിൽ കഴിഞ്ഞ പത്ത് വർഷം ഭരിച്ച സർക്കാരിന്റെയും വിദ്യാഭ്യാസത്തിന്റെയും കുഴപ്പമാണ് എന്ന അഭിപ്രായമാണ് ഉയരുന്നത്.