ലോക ഫുട്‌ബോളിനെ ഞെട്ടിച്ചുകൊണ്ട് അര്‍ജന്റീന ഫുട്‌ബോളിനെതിരെ പുതിയ ഗുരുതര ആരോപണങ്ങള്‍. 2022 ഖത്തര്‍ ലോകകപ്പിന് മുമ്പ് അര്‍ജന്റീനന്‍ താരം പാപു ഗോമസ് ഡോപ്പിംഗ് പരിശോധനയില്‍ പരാജയപ്പെട്ടിരുന്നുവെന്നും, അതിനെക്കുറിച്ച് ഫിഫയ്‌ക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നിട്ടും ലോകകപ്പില്‍ കളിക്കാന്‍ അനുവാദം നല്‍കിയെന്നുമാണ് പ്രമുഖ ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ വിദഗ്ധന്‍ ഫാബ്രിസിയോ റൊമാനോ സ്ഥിരീകരിച്ചതായി സമൂഹമാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ച ഉയരുന്നത്.
ലോകകപ്പ് വിജയത്തിന് ശേഷം മാത്രമാണ് പാപു ഗോമസിന് രണ്ട് വര്‍ഷത്തെ വിലക്ക് പ്രഖ്യാപിച്ചത്. ഇതാണ് ഇപ്പോള്‍ വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. ചെല്‍സിയുടെ മിഖൈലോ മുദ്രിക്, ഫ്രഞ്ച് താരം പോള്‍ പോഗ്ബ തുടങ്ങിയവര്‍ ഡോപ്പിംഗ് കേസുകളില്‍ ഉടന്‍ വിലക്ക് നേരിട്ടപ്പോള്‍, പാപു ഗോമസിന് ലോകകപ്പ് മുഴുവന്‍ കളിക്കാന്‍ അനുമതി നല്‍കിയതെങ്ങനെയെന്നാണ് ആരാധകരും നിരീക്ഷകരും ചോദിക്കുന്നത്. തുടര്‍ന്ന് ലോകകപ്പിന് ശേഷം 2023 ല്‍ പാപു ഗോമസിനെ ടീമില്‍ നിന്ന് അജീവനാന്ത വിലക്ക് നല്‍കുകയും ചെയ്തിരുന്നു. ആ വിലക്ക് നല്‍കിയത് ഡോപിങ്ങിന്റെ പേരിലായിരുന്നു.
ഇതിനിടെ ഫ്രഞ്ച് അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ റൊമെയിന്‍ മൊളിന പുറത്തുവിട്ട റിപ്പോര്‍ട്ടും വിവാദത്തിന് കൂടുതല്‍ ശക്തി പകരുകയാണ്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെ ലക്ഷ്യമിട്ട് പുറത്തിറക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍, ഡോപ്പിംഗ് വിവാദങ്ങള്‍, സാമ്പത്തിക ക്രമക്കേടുകള്‍, പണം വെളുപ്പിക്കല്‍, രേഖാ വ്യാജം, ലൈംഗികാതിക്രമ കേസുകള്‍ മറച്ചുവെച്ചത് തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങളാണ് മൊളിന ഉന്നയിച്ചിരിക്കുന്നത്.
ഫിഫ വര്‍ഷങ്ങളായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെ സംരക്ഷിച്ചുവെന്ന ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. പ്രത്യേകിച്ച് യുവ വനിതാ ടീമിന്റെ പരിശീലകനായിരുന്ന ഡിയാഗോ ഗ്വാച്ചിക്കെതിരായ ലൈംഗികാതിക്രമ പരാതികളില്‍ ഫിഫ ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്നും, പരാതിക്കാരായ പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ചോര്‍ന്നതിലൂടെ അവരുടെ കരിയര്‍ തന്നെ തകര്‍ന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഈ ആരോപണങ്ങളൊന്നും ഇതുവരെ ഫിഫയോ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പാപു ഗോമസിന്റെ ഡോപ്പിംഗ് കേസ്, ഫിഫയുടെ പങ്ക്, റൊമെയിന്‍ മൊളിനയുടെ അന്വേഷണ റിപ്പോര്‍ട്ട് എന്നിവ ലോക ഫുട്‌ബോളില്‍ വലിയ വിവാദമായി തുടരുകയാണ്.















