കൊൽക്കത്ത: സെക്സ് റാക്കറ്റിന്റെ പിടിയിൽ നിന്നും 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെയും സ്ത്രീകളെയും പൊലീസ് രക്ഷപ്പെടുത്തി. പശ്ചിമ ബംഗാളിലെ ഇസ്ലാംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചമ്പാബാഗ് റെഡ് ലൈറ്റ് മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രായപൂർത്തിയാകാത്ത കുട്ടികളെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കടത്തിക്കൊണ്ടുവന്ന് ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. പ്രദേശിക രാഷ്‌ട്രീയ നേതാക്കളുടെ സഹായത്തോടൊണ് ഇവർ പ്രവർത്തിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഏകദേശം രണ്ട് മാസത്തെ രഹസ്യാന്വേഷണത്തിനൊടുവിലാണ് ഇസ്ലാംപൂർ പൊലീസും കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകളും ചേർന്ന് റെയ്ഡുകൾ നടത്തിയത്. ജൂലൈ 3-ന് നടന്ന ആദ്യ പരിശോധനയിൽ 17 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ രക്ഷപ്പെടുത്തി. ഇവരിൽ 13 പേർ ബിഹാറിൽ നിന്നും മൂന്ന് പേർ പശ്ചിമ ബംഗാളിൽ നിന്നും ഒരാൾ അസമിൽ നിന്നുമുള്ളവരാണ്. പ്രതികൾ രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ഡ്രോണുകൾ അടക്കം വ്യന്യസിച്ചായിരുന്നു റെയ്ഡ്.
ആദ്യഘട്ട ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജൂലൈ 5-ന് വീണ്ടും നടത്തിയ പരിശോധനയിൽ 22 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും രണ്ട് സ്ത്രീകളെയും രക്ഷപ്പെടുത്തി. തുടർന്ന് നടത്തിയ മൂന്നാമത്തെ റെയ്ഡിൽ ബാക്കി പെൺകുട്ടികളെ രക്ഷിച്ചത്.
രക്ഷപ്പെടുത്തിയ കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (CWC) മുന്നിൽ ഹാജരാക്കി സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. അന്വേഷണത്തിനിടെ പെൺകുട്ടികൾ നൽകിയ മൊഴികൾ അതീവ ഞെട്ടിക്കുന്നതാണ്. ദിവസേന എട്ടു മുതൽ പത്ത് വരെ ആളുകൾ പീഡിപ്പിച്ചിരുന്നുവെന്നും, കൃത്യമായ ഭക്ഷണമോ പണമോ ലഭിച്ചിരുന്നില്ലെന്നും അവർ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
ബിഹാറിലെ ദർഭംഗ, ബേഗുസരായ്, പട്‌ന, മുസഫർപുർ, സീതാമർഹി, കിഷൻഗഞ്ച് തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ചാണ് കുട്ടികളെ സംഘം വലയിലാക്കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വീടുവിട്ട് ഇറങ്ങിയവരെയും ഒറ്റപ്പെട്ട് കഴിയുന്നവരെയും സാമ്പത്തിക ബുദ്ധിമുട്ടിലായ കുട്ടികളെയുമാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ബലപ്രയോഗത്തേക്കാൾ മാനസിക സമ്മർദ്ദം ചെലുത്തിയാണ് ഇവരെ പശ്ചിമ ബംഗാളിലേക്ക് എത്തിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി.
🚨 BIG! West Bengal Police RESCUED 44 girls allegedly trafficked to the red-light area of Islampur.
BJP leader Sreerupa Mitra Chowdhury, who was present during the operation, warned that “BULLDOZERS will run here too,” signalling STRICT ACTION against those involved.…
— Megh Updates 🚨™ (@MeghUpdates) July 10, 2026
അറസ്റ്റിലായ നാല് പ്രതികൾക്കെതിരെ മനുഷ്യക്കടത്ത്, പോക്സോ നിയമം, ലൈംഗിക ചൂഷണം, ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു. ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ ബിഹാർ, അസം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ചതായി ഇസ്ലാംപൂർ പൊലീസ് ജില്ലാ മേധാവി രാകേഷ് സിങ് അറിയിച്ചു.