ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ യുഎഇ പതാകയിലുള്ള രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ഇറാൻ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചു വരുത്തി ഇന്ത്യ. ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് ഇറാന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മുഹമ്മദ് ജവാദ് ഹൊസൈനി ഉൾപ്പെടെയുള്ള മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരെയാണ് ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചത്.
ഒമാൻ സമുദ്രാതിർത്തിയിലെ ഹോർമുസ് കടലിടുക്കിന്റെ തെക്കൻ ഭാഗത്ത് സഞ്ചരിക്കുകയായിരുന്ന ‘മൊംബാസ’, ‘ബഹിയ’ എന്നീ യുഎഇ പതാകയിലുള്ള എണ്ണക്കപ്പലുകൾക്ക് നേരെയാണ് ഇറാൻ ക്രൂയിസ് മിസൈലുകൾ പ്രയോഗിച്ചതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
‘മൊംബാസ’ കപ്പലിലുണ്ടായ ആക്രമണത്തിലാണ് ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടത്. എട്ട് പേർക്ക് പരിക്കേറ്റതിൽ നാല് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ ആറ് ഇന്ത്യക്കാരും രണ്ട് ഉക്രെയ്ൻ സ്വദേശികളും ഉൾപ്പെടുന്നുവെന്നും എല്ലാവർക്കും ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും യുഎഇ അറിയിച്ചു.
മിസൈൽ ആക്രമണത്തെ തുടർന്ന് രണ്ട് കപ്പലുകളിലും വൻതോതിൽ തീപിടിത്തമുണ്ടാവുകയും കപ്പലുകൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അഗ്നിബാധ നിയന്ത്രണവിധേയമാക്കിയത്.
സംഭവത്തെ അന്താരാഷ്‌ട്ര നിയമങ്ങളുടെ ഗുരുതര ലംഘനമെന്ന് വിശേഷിപ്പിച്ച യുഎഇ, രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെയും സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് വ്യക്തമാക്കി.
ഇന്ത്യൻ നാവികന്റെ മരണത്തെ തുടർന്ന് സംഭവത്തിൽ കേന്ദ്ര സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.