‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: അധികാരം നിലനിര്‍ത്താനും അഴിമതി നിറഞ്ഞ രാഷ്‌ട്രീയം സംരക്ഷിക്കാനുമായി കോണ്‍ഗ്രസ് സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും വരെ ബലിയാടാക്കാന്‍ മടിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. മുന്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനും പത്മശ്രീ ജേതാവുമായ ആര്‍.വി.എസ് മണിയുടെ വെളിപ്പെടുത്തലുകള്‍ ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാജ ‘ഹിന്ദു ഭീകരത’ എന്ന ആഖ്യാനം സൃഷ്ടിക്കുന്നതിനും വോട്ട് ബാങ്ക് രാഷ്‌ട്രീയം ശക്തിപ്പെടുത്തുന്നതിനുമായി ദേശീയ സുരക്ഷയെ പോലും അവഗണിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചുവെന്നാണ് ആര്‍.വി.എസ് മണി വെളിപ്പെടുത്തിയതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ദേശസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാകാതിരുന്നതിനാല്‍ താന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ചാണ് ആര്‍.വി.എസ് മണി പരസ്യമായി പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ വ്യാജമായി പ്രതിചേര്‍ത്ത് അദ്ദേഹത്തിന്റെ ജീവിതവും രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയും തകര്‍ക്കാന്‍ ശ്രമിച്ചതും കോണ്‍ഗ്രസ് ഭരണകാലത്താണെന്ന് രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് നമ്പി നാരായണന്‍ നിരപരാധിയാണെന്ന് തെളിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുംബൈ ഭീകരാക്രമണം, ഇസ്രത്ത് ജഹാന്‍ കേസ് തുടങ്ങിയ വിഷയങ്ങളിലും ആര്‍.വി.എസ് മണി നടത്തിയ വെളിപ്പെടുത്തലുകള്‍ ഗൗരവമേറിയതാണെന്നും അവ രാജ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനരീതിയെ തുറന്നുകാട്ടുന്നതാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Share