തിരുവനന്തപുരം: വർക്കലയിൽ അച്ഛനെയും മകനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. വടശ്ശേരിക്കോണം സ്വദേശികളായ അനിൽ കുമാർ (53), മകൻ അച്ചു (20) എന്നിവരാണ് ആക്രമണത്തിനിരയായത്.
പ്രതികൾ ഇരുവരെയും നഗരൂരിലെ ആളൊഴിഞ്ഞ കാട്ടുപ്രദേശത്തുള്ള പണിതീരാത്ത വീട്ടിലേക്ക് കൊണ്ടുപോയി തടവിലാക്കി മർദിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു. സംഭവസ്ഥലം പരിശോധിച്ച പോലീസ്, കെട്ടിടത്തിനുള്ളിലെ ഒരു മുറി ഗ്ലാസ് ഉപയോഗിച്ച് സൗണ്ട് പ്രൂഫ് രീതിയിൽ ഒരുക്കിയിരുന്നതായി കണ്ടെത്തി. അകത്തുനിന്ന് നിലവിളിച്ചാലും പുറത്തേക്ക് ശബ്ദം കേൾക്കാത്ത തരത്തിലായിരുന്നു സംവിധാനം.
അനിൽ കുമാറിനെ ചങ്ങലയിൽ പൂട്ടിയ നിലയിലാണ് കണ്ടെത്തിയത്. പരിശോധനയിൽ നാടൻ ബോംബുകൾ, തോക്ക്, ചങ്ങലകൾ, മറ്റ് മാരകായുധങ്ങൾ എന്നിവയും പോലീസ് കണ്ടെടുത്തു.
പരിക്കേറ്റ അനിൽ കുമാറിനെയും അച്ചുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തടവിൽ നിന്ന് രക്ഷപ്പെട്ട മകൻ അച്ചുവാണ് നഗരൂർ പോലീസിനെ വിവരം അറിയിച്ചത്. സംഭവത്തിന് പിന്നിലെ കാരണം, പ്രതികളുടെ പങ്ക് എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.















